റോം: ഇറ്റലിയില്‍ ഭരണഘടന ഭേദഗതി വേണ്ടെന്ന് ഹിതപരിശോധന ഫലം. ഹിതപരിശോധന ഫലം എതിരായതോടെ തോല്‍വി അംഗീകരിച്ച് പ്രധാനമന്ത്രി പദം രാജിവെക്കുന്നെന്ന് മാറ്റിയോ റെന്‍സി പറഞ്ഞു.
പ്രധാനമന്ത്രിക്ക് കൂടുതല്‍ അധികാരം നല്‍കുന്ന രീതിയിലുളള ഭരണഘടന ഭേദഗതികളാണ് മുന്നോട്ടുവെച്ചിരുന്നത്. ഞായറാഴ്ച രാവിലെയോടെ വോട്ടെടുപ്പ് ആരംഭിച്ചു. അഞ്ചുകോടിയോളം വോട്ടര്‍മാര്‍ പ്രധാനമന്ത്രിയുടെ ഭാവി നിര്‍ണയിക്കുന്ന വോട്ടെടുപ്പില്‍ പങ്കെടുത്തു.
അധികാരം പ്രധാനമന്ത്രിയിലേക്ക് കേന്ദ്രീകരിക്കാനുള്ള ഭരണകക്ഷിയുടെ തന്ത്രമാണ് ഭരണഘടന ഭേദഗതിയെന്നായിരുന്നു പ്രതിപക്ഷം ഉയര്‍ത്തിയിരുന്ന പ്രധാന വാദം. ഭരണഘടന പരിഷ്‌കാരം നടന്നാല്‍ ഇറ്റലി ഏകാധിപത്യത്തിലേക്ക് കൂപ്പുകുത്തുമെന്ന് മുന്‍ പ്രധാനമന്ത്രി സില്‍വിയോ ബെര്‍ലുസ്‌കോനിയും മുന്നറിയിപ്പ് നല്‍കിയിരുന്നു.
എന്നാല്‍ രാജ്യത്തെ സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കാനും രാഷ്ട്രീയ സ്ഥിരതക്കും ഭരണഘടനയിലെ മാറ്റം അനിവാര്യമാണെന്നായിരുന്നു റെന്‍സി പക്ഷത്തിന്റെ വാദം.