റോം: ആഗോളവ്യാപകമായി കൊറോണ പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ വൈറസ് ബാധിച്ച് മരിച്ച ഭര്‍ത്താവിനെ അടക്കം ചെയ്യാനാവാതെ ഭാര്യ. ഇറ്റലിയില്‍ നിന്നാണ് ഈ ദാരുണ സംഭവം. രോഗം ബാധിച്ചതിനെത്തുടര്‍ന്ന് അപ്പാര്‍ട്‌മെന്റ് വിട്ടു പുറത്തിറങ്ങാനാകാതെ ഇരുവരെയും അധികൃതര്‍ ക്വാറന്റൈന്‍ ചെയ്തിരിക്കുകയായിരുന്നു. അതിനിടയിലാണ് ഇന്നലെ പുലര്‍ച്ചെ ഭര്‍ത്താവ് മരിച്ചത്.
ക്വാറന്റൈന്‍ കാലാവധി കഴിയാത്തതിനാല്‍ ഇതുവരെയും അധികൃതര്‍ക്കു വീട്ടിലേക്കു പ്രവേശിക്കാനായിട്ടില്ല. വികാരഭരിതയായ ഭാര്യയെ ആശ്വസിപ്പിക്കാന്‍ പോലും ആര്‍ക്കും എത്താന്‍ കഴിയാത്ത അവസ്ഥയാണെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രോട്ടോക്കോള്‍ അനുസരിച്ച് ആര്‍ക്കും മൃതദേഹത്തിനടുത്ത് എത്താനാകില്ല. സുരക്ഷാ പ്രോട്ടോക്കോള്‍ അനുസരിച്ചേ മതിയാകൂ എന്ന് മേയര്‍ വ്യക്തമാക്കി. രോഗം സ്ഥിരീകരിച്ചതിനു പിന്നാലെ ഇയാളോട് ആശുപത്രിയില്‍ പോകാന്‍ നിര്‍ദ്ദേശിച്ചെങ്കിലും വിസമ്മതിച്ചത് കൊണ്ടാണ് ഇത്തരമൊരു അവസ്ഥ വന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.