ഇറ്റലിയുടെ ഇതിഹാസ താരം ജോര്‍ജിയോ ചെല്ലിനി പ്രഫഷണല്‍ ഫുട്ബോളില്‍നിന്ന് വിരമിച്ചു

റോം: ഇറ്റലിയുടെ ഇതിഹാസ താരം ജോര്‍ജിയോ ചെല്ലിനി പ്രഫഷണല്‍ ഫുട്ബോളില്‍നിന്ന് വിരമിച്ചു. ചൊവ്വാഴ്ച സാമൂഹികമാധ്യമത്തില്‍ പോസ്റ്റുചെയ്ത വീഡിയോയിലാണ് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. 2000 മുതലുള്ള 23 വര്‍ഷക്കാലം ഫുട്ബോള്‍ രംഗത്തുണ്ടായിരുന്നു ഈ മുപ്പത്തിയൊന്‍പതുകാരന്‍.

2000-ല്‍ ലിവര്‍ണോയിലാണ് ചെല്ലിനിയുടെ ഫുട്ബോള്‍ തുടക്കം. 2005 മുതല്‍ 2022 വരെ യുവന്റസിന്റെ വിശ്വസ്തനായ പ്രതിരോധതാരമായിരുന്നു. ഇക്കാലയളവില്‍ 561 മത്സരങ്ങള്‍ കളിച്ചു. യുവന്റസില്‍ ആന്‍ഡിയ ബര്‍സാഗ്ലിക്കും ലിയനാര്‍ഡോ ബൊനൂച്ചിക്കുമൊപ്പം കളിച്ചിരുന്ന കാലത്ത് ബി.ബി.സി. എന്ന പേരിലാണ് ഈ ത്രയങ്ങള്‍ അറിയപ്പെട്ടിരുന്നത്.2012-നും 2020-നുമിടയില്‍ തുടര്‍ച്ചയായി ഒന്‍പത് സീരി എ കിരീടങ്ങള്‍ നേടിയ ടീമില്‍ അംഗമാണ് ചെല്ലിനി. രണ്ട് ചാമ്പ്യന്‍സ് ലീഗ് ഫൈനലിലുമെത്തി. വെംബ്ലിയില്‍ നടന്ന 2020 യൂറോ കപ്പില്‍ ചാമ്പ്യന്മാരായ ഇറ്റാലിയന്‍ ടീമിന്റെ ക്യാപ്റ്റനുമായിരുന്നു. അന്ന് പെനാല്‍ട്ടിയില്‍ ഇംഗ്ലണ്ടിനെയായിരുന്നു തോല്‍പ്പിച്ചത്. അഞ്ച് കോപ്പ ഇറ്റാലിയ ട്രോഫികളും നേടി. രാജ്യത്തിനായി 117 അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്.

എം.എല്‍.എഫ്. കപ്പ് ഫൈനലില്‍ ശനിയാഴ്ച കൊളംബസ് ക്ര്യൂക്കെതിരെയായിരുന്നു അവസാന മത്സരം. മത്സരത്തില്‍ ചെല്ലിനിയുടെ ലോസ് ആഞ്ചല്‍സ് എഫ്.സി. 2-1-ന് തോറ്റു.

Top