ഇത് പ്രേക്ഷകരുടെ ചോയ്‌സ്; ‘ദി ചോയ്‌സ്’ ഹ്രസ്വചിത്രം ശ്രദ്ധനേടുന്നു

ജുബൈല്‍: യഥാര്‍ഥ ജീവിതകഥയെ അടിസ്ഥാനമാക്കി ജുബൈലിലെ മലയാളികള്‍ അണിയിച്ചൊരുക്കിയ ‘ദി ചോയ്സ്’ ഹ്രസ്വ ചിത്രം പ്രേക്ഷക ശ്രദ്ധ നേടുന്നു. സൗദി ദേശീയദിനത്തിലാണ് സിനിമ യൂട്യൂബില്‍ റിലീസ് ചെയ്തത്. ത്രീയെസ് നോര്‍ത്ത് വെസ്റ്റിന്റെ ബാനറില്‍ നിര്‍മിച്ച സിനിമയുടെ കഥ, തിരക്കഥാ രചനയും സംവിധാനവും നിര്‍വഹിച്ചത് ജുബൈല്‍ ഇന്ത്യന്‍ സ്‌കൂളിലെ അധ്യാപകന്‍ എന്‍. സനില്‍കുമാറാണ്. ജുബൈലില്‍ പ്രവാസികളായ സഫയര്‍ മുഹമ്മദ് ഛായാഗ്രഹണവും അന്‍സില്‍ അഷ്‌റഫ് എഡിറ്റിങ്ങും വില്‍സന്‍ ജോസഫ് പശ്ചാത്തല സംഗീതവും നിര്‍വഹിക്കുന്നു.

മൂന്ന് കഥാപാത്രങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്. ചിത്രം തുടങ്ങുമ്പോള്‍ നിരാശയോടെ ആത്മഹത്യ ചെയ്യാനുറച്ച ശ്രീധരന്‍ എന്ന കഥാപാത്രം സിനിമയുടെ അവസാന ഭാഗത്തേക്ക് എത്തുമ്പോള്‍ ജീവിതത്തിന്റെ പുതിയ അര്‍ത്ഥതലങ്ങള്‍ കണ്ടെത്തുകയാണ്. നാം നമുക്ക് വേണ്ടി മാത്രം ജീവിച്ചാല്‍ പോരാ നമ്മുടെ സഹായം ആവശ്യമുള്ള പലരും നമുക്ക് ചുറ്റുമുണ്ട് എന്ന സഹയാത്രികനായ സലീമിന്റെ വാക്കുകള്‍ ശ്രീധരന്റെ ജീവിതത്തെ അടിമുടി മാറ്റിമറിക്കുന്നു. ആകെ . ഹരിതാഭമാര്‍ന്ന ഭൂപ്രകൃതി, മണല്‍ക്കാടുകള്‍, ഈജിപ്ഷ്യന്‍ ചായ, മരുഭൂമിയില്‍ തലയെടുപ്പോടെ വിരാജിക്കുന്ന ഒട്ടകങ്ങള്‍, ആട്ടിന്‍കൂട്, അവയുടെ പശ്ചാത്തലത്തില്‍ ചുരുളഴിയുന്ന വ്യത്യസ്തരായ മൂന്നു മനുഷ്യരുടെ ജീവിതം സിനിമയില്‍ ഹൃദ്യമായി കോറിയിട്ടിരിക്കുന്നു.

ജീവിത നിരാസത്തില്‍ ആത്മഹത്യയെ ഏക പോംവഴിയായി കാണുന്ന മനുഷ്യരെ ജീവിതത്തിന്റെ പച്ചപ്പിലേക്ക് കൈപിടിച്ചുയര്‍ത്താനും ആഹ്ലാദത്തിന്റെ പുത്തന്‍ മേച്ചില്‍പുറങ്ങള്‍ കണ്ടെത്താനും കലയിലൂടെ സാധിക്കുമെന്ന സന്ദേശമാണ് ഈ സിനിമ പകരുന്നത്. ജുബൈലില്‍ സംഗീത അധ്യാപികയായ ദിവ്യ നവീന്‍ ഗാനം ആലപിച്ചിരിക്കുന്നു. മാധ്യമ പ്രവര്‍ത്തകന്‍ സാബു മേലതില്‍, സാമൂഹിക രാഷ്ട്രീയ പ്രവര്‍ത്തകന്‍ നൂഹ് പാപ്പിനിശ്ശേരി, അഫ്ഗാനിസ്താനി പൗരന്‍ മുഷ്താഖ് അഹ്‌മദ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ജുബൈലിലെ ദറീന്‍ ഹില്‍സ്, അബൂ ഹദ്രിയ മരുഭൂമി എന്നിവിടങ്ങളാണ് ചിത്രീകരിച്ചത്. 4,600ലേറെ ആളുകളാണഅ ഇതിനോടകം ഈ സിനിമ കണ്ടുകഴിഞ്ഞു.

Top