‘സഞ്ജുവിനെ തഴയുന്നത് അനീതി’; ബിസിസിഐയെ വിമർശിച്ച് മന്ത്രി ശിവന്‍കുട്ടി

തിരുവനന്തപുരം: ട്വിന്റി 20 ലോകകപ്പ് സെമിയില്‍ ഇന്ത്യയുടെ പരാജയത്തിന് പിന്നാലെ ബിസിസിഐയെയും സെലക്ടര്‍മാരെയും വിമർശിച്ച് മന്ത്രി വി. ശിവന്‍കുട്ടി. ഉറപ്പായിരുന്ന ലോകകപ്പ് കിരീടം തട്ടിത്തെറിപ്പിച്ചത് പക്ഷപാതിത്വം മൂലമാണെന്ന് ഉറക്കെ തന്നെ വിളിച്ചു പറയുമെന്ന് ശിവന്‍കുട്ടി കുറിച്ചു. ബിസിസിഐ ഈ ക്വാട്ട കളി എന്ന് നിര്‍ത്തുമെന്നും ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ അദ്ദേഹം ചോദിച്ചു.

വിക്കറ്റ് കീപ്പര്‍ ബാറ്ററായി ലോകകപ്പ് ടീമില്‍ ഇടം പിടിച്ച ഋഷഭ് പന്തും ദിനേശ് കാര്‍ത്തിക്കിനും ഒരു കളിയില്‍ പോലും രണ്ടക്കം കടക്കാന്‍ സാധിച്ചില്ല. മികച്ച പവര്‍ ഹിറ്ററായ ഫോമിലുള്ള സഞ്ജുവിനെ തഴഞ്ഞാണ് ഇരുവരെയും ടീമില്‍ എടുത്തത്. ഇത് തികഞ്ഞ അനീതിയാണെന്ന് നേരത്തെ വ്യക്തമാക്കിയതാണ്. പന്തിന് വേണ്ടി സഞ്ജുവിനെ പന്ത് തട്ടുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.

വരുന്ന ന്യൂസിലന്‍ഡ് പരമ്പരയില്‍ ഏകദിനത്തിലും ടിട്വന്റിയിലും വൈസ് ക്യാപ്റ്റനായിട്ടാണ് പന്തിനെ നിയോഗിച്ചിട്ടുള്ളത്. അതായത് എങ്ങിനെ ഫോം ഔട്ട് ആണെങ്കിലും ടീമില്‍ നിലനിര്‍ത്തുക എന്നതാണ് അജണ്ട. സഞ്ജുവിനെ ഉള്‍പ്പെടുത്തിയിരിക്കുന്നതാകട്ടെ ബാറ്ററായി മാത്രം. ബംഗ്ലാദേശ് പരമ്പരയ്ക്കുള്ള ഏകദിന പരമ്പരയ്ക്കും ടീമില്‍ പന്തുണ്ട്, സഞ്ജുവിനെ അവിടേയും ഒഴിവാക്കിയെന്ന കാര്യവും ടീം സെലക്ഷന്റെ പോരായ്മ എന്ന നിലയിൽ ശിവന്‍കുട്ടി ഓർമിപ്പിച്ചാണ് കുറിപ്പ് നിർത്തുന്നത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ടി ട്വന്റി ലോകകപ്പ് സെമിയില്‍ ഇംഗ്ലണ്ടിനോട് ഇന്ത്യ തോറ്റു പുറത്തായത് ദൗര്‍ഭാഗ്യകരമാണ്. അതില്‍ വേദനയുണ്ട്. ഈ തോല്‍വിക്ക് കാരണം ബിസിസിഐയും സെലക്ടര്‍മാരുമാണ്.

വിക്കറ്റ് കീപ്പര്‍/ ബാറ്ററായി ലോകകപ്പ് ടീമില്‍ ഇടം പിടിച്ചത് ഋഷഭ് പന്തും ദിനേശ് കാര്‍ത്തിക്കുമാണ്. ഇരുവരുടെയും ലോകകപ്പിലെ പ്രകടനം ഒന്ന് പരിശോധിച്ചു നോക്കുക. ഒരു കളിയില്‍ പോലും രണ്ടക്കം കടക്കാന്‍ ഇരുവര്‍ക്കും ആയിട്ടില്ല.

മികച്ച പവര്‍ ഹിറ്ററായ, ഫോമിലുള്ള, മികച്ച ശരാശരിയുള്ള സഞ്ജു സാംസണെ തഴഞ്ഞാണ് ഇരുവരെയും ടീമില്‍ എടുത്തത്. ഇത് തികഞ്ഞ അനീതി ആണെന്ന് ഞാന്‍ ആ ഘട്ടത്തില്‍ തന്നെ വ്യക്തമാക്കിയത്.

മറ്റൊരു ഉദാഹരണം നോക്കുക. വരാന്‍ പോകുന്ന ന്യൂസിലന്‍ഡ് പരമ്പരയില്‍ ഏകദിനത്തിലും ടി ട്വന്റിയിലും വൈസ് ക്യാപ്റ്റന്‍ ആയിട്ടാണ് ഋഷഭ് പന്തിനെ നിയോഗിച്ചിട്ടുള്ളത്. അതായത് എങ്ങിനെ ഫോം ഔട്ട് ആണെങ്കിലും ടീമില്‍ നിലനിര്‍ത്തുക എന്നതാണ് അജണ്ട. സഞ്ജുവിനെ ഉള്‍പ്പെടുത്തിയിരിക്കുന്നതാകട്ടെ ബാറ്ററായി മാത്രം.

വെറൊന്ന് കൂടി. ബംഗ്ലാദേശ് പരമ്പരയ്ക്കുള്ള ഏകദിന ടീമിനെ പ്രഖ്യാപിച്ചിട്ടുണ്ട്. അതിലും ഋഷഭ് പന്ത് ഉണ്ട്, സഞ്ജു ഇല്ല താനും.

ബിസിസിഐ എന്ന് ഈ ക്വാട്ട കളി നിര്‍ത്തും? ഉറപ്പായിരുന്ന ലോകകപ്പ് കിരീടം തട്ടിത്തെറിപ്പിച്ചത് പക്ഷപാതിത്വം മൂലമാണെന്ന് ഞാന്‍ ഉറക്കെ തന്നെ വിളിച്ചു പറയും.

Top