IUML-Kinjalikkutty-assembly-election

മലപ്പുറം : വേങ്ങരയില്‍ നിന്ന് രണ്ടാമതൊരു അങ്കത്തിന് കച്ചമുറുക്കുന്ന മുസ്ലീം ലീഗ് സാരഥി മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി ഇത്തവണ ഗോദയിലിറങ്ങുന്നത് അഭിമാനത്തോടെ.

രാഷ്ട്രീയ – കക്ഷിഭേദമന്യേ മണ്ഡലത്തിലെ അരലക്ഷം പേരെ ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ കൊണ്ടുവന്നതും അതിനുള്ള തുക തന്റെ കുടുംബ ട്രസ്റ്റില്‍ നിന്ന് വര്‍ഷാവര്‍ഷം അടക്കുന്നതില്‍ തുടങ്ങി അടിമുടി മാറിയ ഒരു കുഞ്ഞാപ്പയെയാണ് ഇത്തവണ വേങ്ങരയിലെ ജനങ്ങള്‍ കണ്ടത്.

ആരെന്ത് ആവശ്യത്തിന് വന്നാലും ചെയ്യാന്‍ പറ്റാവുന്ന സഹായം കൊടിയുടെയോ സമുദായത്തിന്റെയോ നിറം നോക്കാതെ ചെയ്തു കൊടുത്തേക്കണമെന്ന കര്‍ശന നിര്‍ദ്ദേശം വേങ്ങരയിലെ എം.എല്‍.എ ഓഫീസ് സെക്രട്ടറിയോടും മന്ത്രി ഓഫീസിലും പി.കെ.കുഞ്ഞാലിക്കുട്ടി നേരത്തെ തന്നെ നല്‍കിയിരുന്നു. ഇതുമൂലം മണ്ഡലത്തിലെ ജനങ്ങള്‍ക്ക് മന്ത്രിയെ നേരിട്ട് കാണേണ്ട അവസ്ഥപോലും ഉണ്ടായിരുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

ആഴ്ചയില്‍ 3 ദിവസമെങ്കിലും ചുരുങ്ങിയത് മലപ്പുറത്തെത്താന്‍ കുഞ്ഞാലിക്കുട്ടി പരമാവധി ശ്രമിച്ചിരുന്നു.

2006-ല്‍ കുറ്റിപ്പുറം മണ്ഡലത്തില്‍ ലീഗില്‍ നിന്ന് പുറത്ത് വന്ന് ഇടത് പിന്‍തുണയോടെ മത്സരിച്ച കെ.ടി. ജലീലിനോട് കനത്ത പരാജയം ഏറ്റുവാങ്ങിയതാണ് കുഞ്ഞാലിക്കുട്ടിയുടെ ജീവിതം മാറ്റിമറിച്ചത്.

1982 മുതല്‍ തിരഞ്ഞെടുപ്പുകളിലെല്ലാം വിജയിച്ച ചരിത്രമുള്ള കുഞ്ഞാലിക്കുട്ടിയുടെ രാഷ്ട്രീയ ജീവിതത്തിലെ കറുത്ത ഏടാണ് കുറ്റിപ്പുറത്തെ കനത്ത തോല്‍വി. അതും ലീഗ് ശക്തി കേന്ദ്രത്തില്‍.

27-ാം വയസ്സില്‍ മലപ്പുറം നഗരസഭാ അദ്ധ്യക്ഷനായ കുഞ്ഞാലിക്കുട്ടി 1982-ലാണ് ആദ്യമായി നിയമസഭയിലെത്തിയത്.കുറ്റിപ്പുറം മണ്ഡലത്തില്‍ നിന്ന് മൂന്നാംവട്ടം വിജയിച്ചപ്പോള്‍ ഭൂരിപക്ഷം 26,000 കടന്നിരുന്നു. 2011 ല്‍ വേങ്ങരയില്‍ ഭൂരിപക്ഷം 38,237 ആയി വര്‍ധിച്ചു. ഈ ഭൂരിപക്ഷം രണ്ടാം തവണ മത്സരിക്കാന്‍ ഇറങ്ങുമ്പോള്‍ ഇരട്ടിയിലധികമാക്കുമെന്ന വാശിയിലാണ് ലീഗ് പ്രവര്‍ത്തകര്‍.

സംസ്ഥാന സര്‍ക്കാരിന്റെ അഴിമതി ആരോപണത്തില്‍പ്പെടാത്ത മന്ത്രിയെന്ന ബഹുമതിയും കുഞ്ഞാലിക്കുട്ടിക്ക് നേട്ടമാകുമെന്നാണ് പ്രവര്‍ത്തകരുടെ ആത്മവിശ്വാസം.

അടച്ചു പൂട്ടിയ ബാറുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് കെഎം മാണി അടക്കമുള്ള മന്ത്രിമാര്‍ക്ക് പണം നല്‍കിയെന്ന് ആരോപണമുന്നയിച്ച ബാര്‍ ഓണേഴ്‌സ് അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശ് കുഞ്ഞാലിക്കുട്ടിക്ക് പണം നല്‍കാന്‍ പോയെങ്കിലും അദ്ദേഹം അത് വാങ്ങാന്‍ കൂട്ടാക്കിയില്ലെന്ന് വ്യക്തമാക്കിയിരുന്നു.

ഇടതു മുന്നണിയില്‍ ഐ.എന്‍.എല്‍ സ്ഥാനാര്‍ത്ഥിയാണ് കഴിഞ്ഞ തവണ വേങ്ങരയില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ മത്സരിച്ചത്. ഇത്തവണ ഐ.എന്‍.എല്‍ ഇവിടെ മത്സരിക്കാനില്ലെന്ന നിലപാടിലാണ്. മണ്ഡലം വെച്ചുമാറാനാണ് അവര്‍ ശ്രമിക്കുന്നത്.

Top