മോസ്‌കോ: ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍ നിന്നും അര്‍ജന്റീന പുറത്തായപ്പോള്‍ വേദനിച്ച കൊടിക്കണക്കിന് ജനങ്ങളില്‍ ഇന്ന് ഫൈനല്‍ കളിക്കുന്ന രണ്ട് സൂപ്പര്‍ താരങ്ങളുണ്ട്. ക്രൊയേഷ്യയുടെ ഇവാന്‍ റാക്കിറ്റിച്ചും ഫ്രാന്‍സിന്റെ സാമുവല്‍ ഉംറ്റിറ്റിയും.
അര്‍ജന്റീന എന്ന ടീമിനുപരി ബാഴ്‌സലോണ ക്ലബിനു വേണ്ടി ലയണല്‍ മെസ്സിക്കൊപ്പം എതിരാളികളുടെ ചങ്കിടിപ്പിക്കുന്ന സൂപ്പര്‍ താരങ്ങളാണ് ഇരുവരും. ഒറ്റ സുഹൃത്തായ മെസ്സിയുടെ അര്‍ജന്റീനയുമായി ഒരു ഫൈനല്‍ അതായിരുന്നു തങ്ങളുടെ വലിയ ആഗ്രഹമെന്ന് ഇരുവരും പറയുന്നു.
ഫൈനലിന് ഇറങ്ങും മുന്‍പ് ഫ്രാന്‍സിന്റെയും ക്രൊയേഷ്യയുടെയും ഈ സൂപ്പര്‍ താരങ്ങള്‍ തങ്ങളുടെ ആരാധനാ ‘മൂര്‍ത്തി’യായ മെസ്സിയെ വിളിച്ച് അനുഗ്രഹം തേടിയതായി പ്രമുഖ അന്താരാഷ്ട്ര മാധ്യമമാണ് റിപ്പോര്‍ട്ട് ചെയ്തത്.
ടീം എന്ന നിലയില്‍ മെസ്സിക്കൊത്ത പെര്‍ഫക്ടായ ഒരു ടീമിനെ തെരെഞ്ഞെടുക്കുന്നതില്‍ അര്‍ജന്റീനന്‍ ഫുട്‌ബോള്‍ അസോസിയേഷനും കോച്ചിനും പറ്റിയ വീഴ്ചയാണ് അര്‍ജന്റീനയുടെ പുറത്താകലിന് പിന്നിലെന്നാണ് മാധ്യമ വിമര്‍ശനം.
ലോകത്ത് ഏറ്റവും അധികം ആരാധകരുള്ള അര്‍ജന്റീന പുറത്തായതോടെ പിന്നീട് നടന്ന ലോകകപ്പ് മത്സരങ്ങളുടെ ‘പകിട്ട് ‘ കുറഞ്ഞെന്നും ബ്രസീല്‍ കൂടി പുറത്തായതോടെ അവശേഷിക്കുന്ന ആവേശവും ചോര്‍ന്നെന്നും റിപ്പോര്‍ട്ടില്‍ തുറന്നടിക്കുന്നു.
അതേസമയം അര്‍ജന്റീന-ബ്രസീല്‍ ആരാധകര്‍ ആര്‍ക്കൊപ്പം നില്‍ക്കുമെന്നതും കായിക ലോകം ഇപ്പോള്‍ ഉറ്റു നോക്കുകയാണ്. രണ്ട് ടീമും അര്‍ജന്റീനയെ പരാജയപ്പെടുത്തിയവരാണ് എന്നതിനാല്‍ ഇഷ്ട ടീമിനെ തിരഞ്ഞെടുക്കുന്നതില്‍ അര്‍ജന്റീനന്‍ ആരാധകര്‍ ധര്‍മ്മ സങ്കടത്തിലാണ്.
എങ്കിലും അര്‍ജന്റീനയും ബ്രസീലും ഔട്ടായതോടെ ലോകകപ്പ് മത്സരം കാണുന്നതില്‍ നിന്നും പിന്നോക്കം പോയ ആരാധകപട ഫൈനല്‍ കാണുമെന്ന് ഉറപ്പിച്ച് ഇപ്പോള്‍ രംഗത്തിറങ്ങിയിട്ടുണ്ട്.
1993ല്‍ ഫിഫ അംഗത്വം ലഭിക്കുമ്പോള്‍ 125 സ്ഥാനത്ത് മാത്രം ഒതുങ്ങിയിരുന്ന ക്രൊയേഷ്യ ഇപ്പോള്‍ ഈ പട്ടികയില്‍ ഇരുപതാം സ്ഥാനത്താണ്. ലോകകപ്പ് അടിച്ചാല്‍ ഒന്നാം സ്ഥാനത്തെത്തും.
ക്രൊയെഷ്യ ആദ്യമായാണ് ലോകകപ്പ് ആഗ്രഹിക്കുന്നതെങ്കില്‍ ഫ്രാന്‍സിനിത് രണ്ടാമത്തെ സുവര്‍ണ്ണാവസരമാണ്.