ലോക്ക് ഡൗണ്‍ ലംഘിച്ച് ട്രംപിന്റെ മകളും മരുമകനും; വിവാദം

വാഷിങ്ടണ്‍: കോവിഡ് പടര്‍ന്ന് പിടിക്കുന്നതിനിടെ ലോക്ക് ഡൗണ്‍ ലംഘിച്ച് യാത്ര ചെയ്ത് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകളും മരുമകനും. ഇവാന്‍ക ട്രംപും ഭര്‍ത്താവ് ജരേഡ് കുഷ്‌നറുമാണ് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് യാത്ര ചെയ്തത്.

ജൂത വിശ്വാസപ്രകാരമുള്ള പെസഹാ ആചരിക്കുന്നതിന് വേണ്ടിയാണ് ഇവര്‍ ലോക്ക് ഡൗണ്‍ ലംഘിച്ച് പുറത്ത് പോയത്. വൈറ്റ് ഹൗസാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. വാഷിങ്ടണിലെ തങ്ങളുടെ വസതിയില്‍ നിന്ന് ട്രംപ് കുടുംബത്തിന്റെ ബെഡ്മിന്‍സ്റ്ററിലുള്ള ഗോള്‍ഫ് റിസോര്‍ട്ടിലേക്കാണ് ഇരുവരും യാത്രചെയ്തത്.

ഇരുവരും ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കിയ വാര്‍ത്ത ആദ്യമായി പുറത്തുവിട്ടത് അമേരിക്കന്‍ പത്രമായ ന്യൂയോര്‍ക്ക് ടൈംസാണ്. ഇവര്‍ പങ്കെടുത്ത ചടങ്ങില്‍ പുറത്തുനിന്ന് ആരും എത്തിയിരുന്നില്ലെന്നാണ് വൈറ്റ് ഹൗസ് നല്‍കുന്ന വിവരം.

സ്വന്തം വീട്ടിനുള്ളില്‍ കഴിയുന്നതിന് തുല്യമാണ് ഇരുവരും ബെഡ്മിന്‍സ്റ്ററില്‍ തങ്ങിയതെന്നും വാഷിങ്ടണില്‍ നിന്ന് ഇവിടെ വരെയുള്ള യാത്ര വീട്ടില്‍ നിന്ന് ഓഫീസിലേക്കുള്ള യാത്രപോലെ കണ്ടാല്‍ മതിയെന്നുമാണ് വൈറ്റ് ഹൗസ് വിശദീകരിക്കുന്നത്.

ലോക്ക് ഡൗണിന്റെ ഭാഗമായി വാഷിങ്ടണില്‍ ജനങ്ങള്‍ അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ വീടിന് പുറത്തിറങ്ങാന്‍ പാടില്ലെന്നാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഈ നിര്‍ദ്ദേശങ്ങള്‍ നിലനില്‍ക്കെയാണ് ഇവാന്‍കയും ഭര്‍ത്താവും ഇവിടെ നിന്ന് പുറത്തേക്ക് യാത്ര ചെയ്തത്.

നിയന്ത്രണങ്ങളെ തുടര്‍ന്ന് അമേരിക്കയില്‍ പെസഹാ സമയത്ത് ബന്ധുക്കളെ സന്ദര്‍ശിക്കുന്നത് ഒഴിവാക്കി പകരം വീഡിയോ കോളുകള്‍ വഴിയാണ് പരസ്പരം ആശംസകള്‍ പങ്കുവെച്ചിരുന്നത്.

Top