ആഫ്രിക്കന്‍ നേഷന്‍സ് കപ്പില്‍ മുത്തമിട്ട് ഐവറി കോസ്റ്റ്

അബിദ്ജാന്‍: ആഫ്രിക്കന്‍ നേഷന്‍സ് കപ്പില്‍ മുത്തമിട്ട് ഐവറി കോസ്റ്റ്. കലാശപ്പോരില്‍ നൈജീരിയയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് ആനപ്പട ആഫ്രിക്കന്‍ ചാമ്പ്യന്മാരായത്. മൂന്നാം തവണയാണ് ഐവറി കോസ്റ്റ് ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സ് കിരീടമുയര്‍ത്തുന്നത്. മുന്‍പ് 1992ലും 2015ലുമാണ് ഐവറി കോസ്റ്റ് ചാമ്പ്യന്മാരായത്.

സ്വന്തം കാണികള്‍ക്ക് മുന്നില്‍ ലീഡ് വഴങ്ങേണ്ടി വന്ന ഐവറി കോസ്റ്റ് രണ്ടാം പകുതിയില്‍ ഉണര്‍ന്നുകളിച്ചു. 62-ാം മിനിറ്റില്‍ ഫ്രാങ്ക് കെസ്സിയിലൂടെ ആനപ്പട സമനില പിടിച്ചു. അഡിന്‍ഗ്രയുടെ കോര്‍ണറില്‍ നിന്ന് ഹെഡ്ഡറിലൂടെ പന്ത് വലയിലെത്തിച്ചാണ് കെസ്സി ഗോളടിച്ചത്. 81-ാം മിനിറ്റില്‍ സെബാസ്റ്റിയന്‍ ഹാലറിന്റെ ഗോളിലൂടെ ഐവറി കോസ്റ്റ് വിജയമുറപ്പിച്ചു.

അബിദ്ജാനിലെ അലസാനെ ഔട്ടാര സ്റ്റേഡിയത്തില്‍ നടന്ന കലാശപ്പോരില്‍ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് ഐവറി കോസ്റ്റ് വിജയം സ്വന്തമാക്കിയത്. 38-ാം മിനിറ്റില്‍ കോര്‍ണര്‍ കിക്കില്‍ നിന്നാണ് നൈജീരിയ ലീഡെടുത്തത്. തകര്‍പ്പന്‍ ഹെഡറിലൂടെ വില്ല്യം ട്രൂസ്റ്റ്- ഇകോങ്ങാണ് നൈജീരിയയെ മുന്നിലെത്തിച്ചത്.

Top