കൊച്ചി: പുരാവസ്തു തട്ടിപ്പു കേസില്‍ ജയിലില്‍ കഴിയുന്ന മോന്‍സന്‍ മാവുങ്കലിന്റെ വീട്ടില്‍നിന്നു കണ്ടെത്തിയ ആനക്കൊമ്പിനോടു സാദൃശ്യമുള്ള വസ്തു വാങ്ങിയത് കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ കരകൗശല വസ്തുക്കള്‍ വില്‍ക്കുന്ന കടയില്‍നിന്ന്. രാജസ്ഥാനില്‍ നിന്നുള്ള കരകൗശല വസ്തുക്കള്‍ എത്തിച്ചു വില്‍പന നടത്തുന്ന കടയാണിത്. ഇതിനു വിലയായി 8,000 രൂപ നല്‍കിയെന്നു മോന്‍സന്‍ അന്വേഷണ സംഘത്തിനു മൊഴി നല്‍കി.
ഇത്തരത്തിലുള്ള 35,000 രൂപയുടെ സാധനങ്ങള്‍ ഇതേ കടയില്‍നിന്ന് മോന്‍സന്‍ വാങ്ങിയതിന്റെ ബില്‍ അന്വേഷണ സംഘം കണ്ടെടുത്തു. മോന്‍സനുമായി നടത്തിയ തെളിവെടുപ്പിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമായത്.
അതേസമയം, തന്റെ പക്കലുള്ള തിമിംഗലത്തിന്റെ അസ്ഥി നല്‍കിയത് ഒരു സുഹൃത്താണ് എന്നാണ് മോന്‍സന്‍ മൊഴി നല്‍കിയിരിക്കുന്നത്. ഇത് യഥാര്‍ഥ തിമിംഗല അസ്ഥിയാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. ഇക്കാര്യത്തില്‍ ശാസ്ത്രീയമായ പരിശോധന പൂര്‍ത്തിയാല്‍ മാത്രമേ വ്യക്തമാകൂ എന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്.
8 അടി നീളം വരുന്ന രണ്ട് അസ്ഥികളാണ് വനംവകുപ്പു പിടിച്ചെടുത്തിരിക്കുന്നത്. ഇതു തിമിംഗലത്തിന്റേതാണ് എന്ന സംശയം ഉയര്‍ന്നതോടെയാണ് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചത്. സാമ്പത്തിക തട്ടിപ്പു കേസില്‍ അറസ്റ്റിലായ മോന്‍സന്റെ വീട്ടിലെ വസ്തുക്കളെക്കുറിച്ച് ക്രൈംബ്രാഞ്ച് സംഘം നല്‍കിയ വിവരം അനുസരിച്ചായിരുന്നു പരിശോധന നടത്തി ഇവ കണ്ടെടുത്തത്.
നേരത്തെ, ഇയാളുടെ കലൂരുള്ള വീട്ടില്‍നിന്നു ശംഖുകളും പവിഴപ്പുറ്റുകളും മറ്റും കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് വനം വകുപ്പ് മോന്‍സനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. തുടര്‍ന്ന് അറസ്റ്റു രേഖപ്പെടുത്തുകയും പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുകയുമായിരുന്നു.
മോന്‍സന്റെ പക്കലുള്ളത് ആനക്കൊമ്പ് അല്ല എന്നു ശാസ്ത്രീയ പരിശോധനയില്‍ ബോധ്യപ്പെട്ടാല്‍ കേസ് ഇല്ലാതാകും. അതേസമയം തിമിംഗല അസ്ഥിയുടെ കാര്യത്തില്‍ മറ്റൊരു കേസ് അന്വേഷണ സംഘം റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇന്നലെ കുറുപ്പംപടി മജിസ്‌ട്രേറ്റ് കോടതി കസ്റ്റഡി അനുവദിച്ചതിനെ തുടര്‍ന്നു കോടനാട് വനം വകുപ്പ് ഓഫിസിലെത്തിച്ചു ചോദ്യം ചെയ്യലിനു വിധേയമാക്കിയിരുന്നു. തുടര്‍ന്നാണ് കലൂരിലുള്ള വീട്ടിലെത്തിച്ചു തെളിവെടുത്തത്. കസ്റ്റഡി കാലാവധി അവസാനിക്കുന്ന മോന്‍സനെ വനം ഉദ്യോഗസ്ഥര്‍ ഇന്നു കോടതിയില്‍ ഹാജരാക്കും.