പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയില്‍ വലിയ ബഹളങ്ങള്‍ക്ക് ശേഷം ഭൂരിപക്ഷം ഇല്ലാതിരുന്നിട്ടും കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയെടുത്തു. ഇതിന് തൊട്ടുപിന്നാലെ രാഷ്ട്രപതി ബില്ലില്‍ ഒപ്പുവെച്ച് നിയമമാക്കി വിജ്ഞാപനം പുറത്തിറക്കി. പക്ഷെ ബില്‍ അവതരിപ്പിച്ച് പാസാക്കിയ ആഭ്യന്തര മന്ത്രി അമിത് ഷായുടെ ജോലി അപ്പോഴും ബാക്കിയായിരുന്നു. ഡിസംബര്‍ 12ന് പുലര്‍ച്ചെ 2 മണിക്ക് ആഭ്യന്തര മന്ത്രി മള്‍ട്ടി ഏജന്‍സി ഡയറക്ടര്‍ തപന്‍ ദേകയെയും, എന്‍ഐഎ ഇന്‍സ്‌പെക്ടര്‍ ജനറല്‍ ജിപി സിംഗിനെയും വീട്ടിലേക്ക് വിളിച്ചുവരുത്തി.
ആസാമില്‍ പൗരത്വ നിയമത്തിനെതിരെ പൊട്ടിപ്പുറപ്പെട്ട കലാപം ഒതുക്കാന്‍ ആ ഓഫീസര്‍മാരെ വിമാനം കയറ്റിവിട്ട ശേഷമാണ് ഷാ വിശ്രമിച്ചത്. നോര്‍ത്ത് ഈസ്റ്റിലെ സ്ഥിതിഗതികളുമായി പരിചയമുള്ള ആസാം കേഡര്‍ ഓഫീസര്‍മാരാണ് ദേകയും, സിംഗും. ഇവര്‍ എത്തിയതോടെ ആസാമിലെ സ്ഥിതി നിയന്ത്രണത്തിലേക്ക് നീങ്ങുകയാണ്.
ഫെബ്രുവരി 14ന് പുല്‍വാമയില്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിന് നേര്‍ക്ക് നടന്ന ജെയ്‌ഷെ മുഹമ്മദ് ചാവേറിന്റെ ഭീകരാക്രമണത്തിന് ശേഷം ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട നരേന്ദ്ര മോദി സര്‍ക്കാരിന്റെ പ്രതികരണങ്ങള്‍ അതിവേഗത്തിലാണ്. തീരുമാനങ്ങള്‍ എടുക്കാനുള്ള ഇച്ഛാശക്തിക്ക് സമാനമായി സായുധ സേന, പാരാമിലിറ്ററി, സുരക്ഷാ ഏജന്‍സികളെ ഏകോപിപ്പിച്ച് സ്ഥിതി നിയന്ത്രിക്കാനും സര്‍ക്കാര്‍ വിജയിക്കുന്നുണ്ട്.
ഫെബ്രുവരി 26ന് പാകിസ്ഥാനിലെ ബാലകോട്ടില്‍ ജെയ്‌ഷെ ക്യാംപുകള്‍ തകര്‍ത്തും, ജമ്മു കശ്മീരുമായി ബന്ധപ്പെട്ട ആര്‍ട്ടിക്കിള്‍ 370, 35എ എന്നിവ റദ്ദാക്കിയതും ഉള്‍പ്പെടെയുള്ള വിഷയങ്ങളിലെ പ്രത്യാഘാതങ്ങള്‍ കേന്ദ്രം ഈ വിധത്തിലാണ് കൈകാര്യം ചെയ്തത്. പ്രാദേശിക നേതാക്കളെ തടങ്കലില്‍ പാര്‍പ്പിച്ചും, ആശയവിനിമയ സംവിധാനങ്ങള്‍ തടഞ്ഞുമെല്ലാം ജമ്മു കശ്മീരിന്റെ സമാധാനം കെടുത്താനുള്ള വഴികള്‍ പോലീസ് അടയ്ക്കുന്നു. താഴ്‌വരയില്‍ ജീവന്‍ നഷ്ടമാകുന്നില്ലെന്നത് ഈ നടപടികളുടെ വിജയമാണ്.
അയോധ്യ വിധിയാണ് സര്‍ക്കാര്‍ സമാനമായി നേരിട്ട മറ്റൊരു സുപ്രധാന വിഷയം. യുപിയില്‍ തീ ആളിക്കത്തുമെന്ന് ഭയന്നെങ്കിലും സമാധാനപരമായിരുന്നു കാര്യങ്ങള്‍. ഉത്തര്‍പ്രദേശ് ഡിജിപി ഒപി സിംഗിന് മോദിയുടെയും, ഷായുടെയും, അജിത് ഡോവലിന്റെയും പൂര്‍ണ്ണ പിന്തുണയും ലഭ്യമായിരുന്നു. വിവിധ സംസ്ഥാനങ്ങളില്‍ പൗരത്വ നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളും ഈ വിധം ഒതുക്കാനാണ് സര്‍ക്കാര്‍ ശ്രമം.