ശ്രീനഗര്‍: നാളെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന ജമ്മുകശ്മീരില്‍ സുരക്ഷ ശക്തമാക്കി സൈന്യം. വോട്ടിംഗ് ഏറ്റവും സുരക്ഷിതമായി നടക്കുന്നതിനാവശ്യമായ എല്ലാ നടപടികളും പൂര്‍ത്തിയായിട്ടുണ്ടെന്നാണ് അധികൃതര്‍ അറിയിക്കുന്നത്.
വലിയ സുരക്ഷാ പദ്ധതികളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. വാഹന പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കുന്നതിലും അതീവ ശ്രദ്ധ നല്‍കിയിട്ടുണ്ട്. പൊലീസ് നായയുടെ സഹായവും ഇതിനായി ഉപയോഗിക്കുന്നുണ്ട്.
പൊലീസ്, ആര്‍മി, ഇന്റലിജന്‍സ് ബ്യൂറോ, വ്യോമ സേന തുടങ്ങിയ നിരവധി സുരക്ഷാ ഏജന്‍സികളുടെ ഒരുമിച്ചുള്ള സുരക്ഷാ പ്രവര്‍ത്തനങ്ങളാണ് ഇവിടെ നടക്കുന്നത്. സ്ഥാനാര്‍ത്ഥികളെയെല്ലാം സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റി. അവര്‍ക്ക് പ്രത്യേക സുരക്ഷാ ഉദ്യോഗസ്ഥരെയും വിട്ടു കൊടുത്തിട്ടുണ്ട്. ഒന്നിലധികം സംഘങ്ങളെ പലവിധ രീതിയില്‍ പോളിംഗ് ബൂത്തുകളില്‍ വിന്യസിപ്പിച്ചിട്ടുണ്ട്. നിരവധി തവണ നടത്തുന്ന സുരക്ഷാ പരിശോധനകള്‍ക്ക് ശേഷം മാത്രമേ ഇവര്‍ക്ക് അകത്ത് പ്രവേശിക്കാന്‍ സാധിക്കൂ. പ്രശ്‌നബാധിത പ്രദേശങ്ങളില്‍ കൂടുതല്‍ സുരക്ഷ ശക്തമാക്കിയത്. ആളുകള്‍ക്ക് പേടികൂടാതെ വോട്ടിംഗിന് എത്താന്‍ സാധിക്കുന്ന സാഹചര്യം ഉണ്ടാക്കുകയാണ് ലക്ഷ്യമെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
598 വാര്‍ഡുകളിലേയ്ക്കും കശ്മീര്‍ താഴ്വരയിലെ 40 മുന്‍സിപ്പാലിറ്റി സീറ്റുകളിലേക്കും 851 പേരാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിരിക്കുന്നത്. സംസ്ഥാനത്താകെ 1145 മുന്‍സിപ്പാലിറ്റി ബോഡിലേയ്ക്ക് ആകെ 3005 സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്.
പിഡിപിയും നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടിയും തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കിരിച്ചിരുന്നു. അതിനാല്‍, സംസ്ഥാനത്തെ 60 ശതമാനം സീറ്റുകളിലും മത്സരം ഉണ്ടാകില്ല. ബിജെപി ഏകപക്ഷീയമായി ഈ സീറ്റുകളില്‍ മത്സരിക്കും.
598 വാര്‍ഡുകളില്‍ 172 എണ്ണത്തില്‍ ഒരാള്‍ മാത്രമാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. 190 എണ്ണത്തില്‍ ആരും മത്സരിക്കാന്‍ മുന്നോട്ടു വന്നിട്ടില്ല. 40 മുന്‍സിപ്പാലിറ്റി ബോഡികളില്‍ 21 എണ്ണത്തിലും ആരുമില്ല. ശ്രീനഗറില്‍ 310 പേരാണ് മത്സരിക്കാന്‍ മുന്നോട്ട് വന്നിരിക്കുന്നത്.
വലിയ തീവ്രവാദം ആക്രമണങ്ങള്‍ അടുത്തിടെ നടന്ന പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ വളരെ ശക്തമാക്കിയാണ് നാളത്തെ പോളിംഗ് നടക്കുന്നത്.