രാജ്യത്തെ ഞെട്ടിച്ച കര്‍ഷക സമരത്തിന്റെ വിളഭൂമിയായ ദിന്‍ഡോരിയില്‍ ചെമ്പടക്കു മുന്നില്‍ ചങ്കിടിക്കുകയാണ് കോണ്‍ഗ്രസ്സ് – എന്‍.സി പി സഖ്യവും കാവിപ്പടയും.
മഹാരാഷ്ട്രയിലെ നാസിക്ക് ജില്ലയിലെ ഈ ലോകസഭ മണ്ഡലത്തില്‍ മത്സരിക്കുന്ന സി.പി.എം സ്ഥാനാര്‍ത്ഥി ജെ.പി ഗാവിത് വ്യത്യസ്ത പ്രചരണ രീതിയിലൂടെയാണ് ഞെട്ടിച്ചിരിക്കുന്നത്.
ചെങ്കൊടിയുമേന്തി ആയിരക്കണക്കിന് പേര്‍ ഗ്രാമങ്ങളില്‍ നിന്നും ഗ്രാമങ്ങളിലേക്ക് മൂന്ന് രാവും പകലും യാത്ര ചെയ്ത് 4,500 ഗ്രാമത്തിലാണ് ഗാവിതിനു വേണ്ടി വോട്ട് തേടിയെത്തിയത്. ഇത് രാജ്യത്തെ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ തന്നെ പുതിയ സംഭവമാണ്.
ഏപ്രില്‍ നാലിന് ചന്ദ് വാഡില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ മാത്രം കാല്‍ ലക്ഷം പേരാണ് പങ്കെടുത്തത്.സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തന്നെ നേരിട് ഈ കര്‍ഷക മണ്ണില്‍ വോട്ട് ചോദിക്കാനെത്തി.
2018 മാര്‍ച്ചില്‍ നാസിക്കില്‍ നിന്നും മുംബൈയിലേക്ക് നടത്തിയ കിസാന്‍ മാര്‍ച്ചിന്റെ മുന്നണി പോരാളിയായിരുന്നു കെ.പി ഗാവിത് എന്ന ഈ കമ്യൂണിസ്റ്റ്. മഹാരാഷ്ട്രയെ മാത്രമല്ല രാജ്യത്തെ തന്നെ പിടിച്ചുലച്ച മാര്‍ച്ചായിരുന്നു അത്. 180 കിലോമീറ്റര്‍ ദൂരം ചുട്ട് പൊള്ളുന്ന ചൂടില്‍ ചോരയൊലിക്കുന്ന കാല്‍പാദ ങ്ങളുമായി ചെങ്കൊടി പിടിച്ച് പതിനായിരങ്ങള്‍ അന്ന് നടന്ന് കയറിയത് ചരിത്രത്തിലേക്കാണ്.
എ.സി റൂമുകളില്‍ ഇരുന്നും ചൂട് പേടിച്ച് വാഹനങ്ങളില്‍ നിന്നും പുറത്തിറങ്ങാതെയും രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നവരെ മാത്രം കണ്ട് പരിചയിച്ച നാടിന് ഇതൊരു പുതിയ അനുഭവമായിരുന്നു. സി.പി.എം കര്‍ഷക സംഘടനയായ കിസാന്‍ സഭ ദേശീയ നേതാക്കള്‍ക്കൊപ്പം ചോര പൊടിയുന്ന കാലുകളുമായി മാര്‍ച്ച് നയിക്കാന്‍ മുന്നില്‍ തന്നെ ഉണ്ടായിരുന്നു ജെ.പി ഗാവിതും.
കര്‍ഷകര്‍ ഉന്നയിച്ച മുഴുവന്‍ ആവശ്യങ്ങളും അംഗീകരിക്കുന്നുവെന്ന് ഉറപ്പ് നല്‍കിയതിനു ശേഷം മാത്രമാണ് മഹാരാഷ്ട്ര തലസ്ഥാനം വളഞ്ഞ കര്‍ഷകര്‍ അന്ന് മടങ്ങിപോയത്. എന്നാല്‍ നല്‍കിയ വാഗ്ദാനങ്ങളില്‍ പലതും നടപ്പാക്കാതെ വീണ്ടും മഹാരാഷ്ട്രയിലെ ഫട്‌നാവിസ് സര്‍ക്കാര്‍ വഞ്ചിച്ചപ്പോള്‍ വീണ്ടും കര്‍ഷകര്‍ ചെങ്കൊടിയേന്താന്‍ നിര്‍ബന്ധിതരായി.
ഇതോടെ മാര്‍ച്ച് തുടങ്ങി രണ്ട് ദിവസത്തിനുള്ളില്‍ തന്നെ മുഴുവന്‍ ആവശ്യങ്ങളും അംഗീകരിച്ച് ബി.ജെ.പി സര്‍ക്കാറിന് ഉത്തരവിറക്കേണ്ടിയും വന്നിരുന്നു.
ഈ പോരാട്ട വിജയം നല്‍കിയ കരുത്തുമായാണ് ഗാവിത് എന്ന കര്‍ഷക നേതാവ് ദിന്‍ഡോരിയില്‍ വോട്ട് തേടുന്നത്. ഏപ്രില്‍ 29നാണ് ഇവിടെ വോട്ടെടുപ്പ്. ശിവസേനയില്‍ നിന്നും രണ്ടു മാസം മുന്‍പ് ഇറക്കുമതി ചെയ്ത സ്ഥാനാര്‍ത്ഥി ധന്‍രാജ് മഹാലെയെയാണ് കോണ്‍ഗ്രസ്സ്-എന്‍.സി.പി സഖ്യം ഇവിടെ നിര്‍ത്തിയിരിക്കുന്നത്. ഇതിന്റെ പ്രതിഫലനമായി സ്ഥലത്തെ പ്രധാന എന്‍.സി.പി നേതാവ് തന്നെ ബി.ജെ.പിയിലേക്കും ചേക്കേറി. മൂന്ന് തവണ ദിന്‍ഡോരിയില്‍ നിന്നും വിജയിച്ച നേതാവിനെ മാറ്റി കൂറുമാറി വന്ന ഭാരതി പവാറിനാണ് ഇവിടെ ബി.ജെ.പി സീറ്റ് നല്‍കിയിരിക്കുന്നത്.
കേരളത്തില്‍ സ്വന്തമായി ഒരു വാര്‍ഡില്‍ പോലും ജയിക്കാന്‍ ശേഷിയില്ലാത്ത കടലാസ് പാര്‍ട്ടിയായിട്ടും എന്‍.സി.പിക്ക് രണ്ട് എം.എല്‍.എ സ്ഥാനവും മന്ത്രി സ്ഥാനവും നല്‍കാനുള്ള മനസ്സ് സി.പി.എം കാണിച്ചിരുന്നു. എന്നാല്‍ ഈ സഹായത്തിന് വഞ്ചനാപരമായ നിലപാടാണ് എന്‍.സി.പി ഇപ്പോള്‍ മഹാരാഷ്ട്രയില്‍ സ്വീകരിച്ചിരിക്കുന്നത്. ജെ.പി ഗാവിതിന് പിന്തുണ നല്‍കണമെന്ന് മതേതര സംഘടനകള്‍ ആവശ്യപ്പെട്ടിട്ടും പവാര്‍ വഴങ്ങിയില്ല. കാവി രാഷ്ട്രീയ താല്‍പ്പര്യമാണ് ഇവിടെ ഈ രാഷ്ട്രീയ ചാണക്യന്‍ ഉയര്‍ത്തിപ്പിടിച്ചത് എന്നത് സംശയിക്കുക തന്നെ വേണം.
കയ്യിലിരിപ്പു കൊണ്ട് കേരളത്തിലെ മന്ത്രി സ്ഥാനം എന്‍.സി.പിക്ക് തെറിച്ചപ്പോള്‍, ‘രാജ്യത്തെ ഏക എന്‍.സി.പി മന്ത്രിയാണ് ചതിക്കരുതെന്ന്’ ആവശ്യപ്പെട്ടാണ് പവാര്‍ സിപി.എം നേതാക്കളുടെ കാല് പിടിച്ചത്. ഇക്കാര്യം ആര് മറന്നാലും ശരദ് പവാര്‍ മറക്കരുത്.
കോണ്‍ഗ്രസ്സ് ഇടതുപക്ഷ വിരുദ്ധ നിലപാട് മഹാരാഷ്ടയിലും ഉയര്‍ത്തുന്നതില്‍ അത്ഭുതമില്ല. പ്രതിപക്ഷ നേതാവിനെ തന്നെ കാവി പാളയത്തിലേക്ക് സംഭാവന ചെയ്ത പാര്‍ട്ടിയാണത്. എന്നാല്‍ ഒരു വശത്ത് ഇടതു മുന്നണിയില്‍ കയറി കൂടി മന്ത്രിയാവുകയും മറുവശത്ത് ചെങ്കൊടിക്ക് എതിരായി പ്രവര്‍ത്തിക്കുന്നതും എന്‍സിപിയ്ക്ക് ചേര്‍ന്ന നിലപാടല്ല. ഒന്നുകില്‍ സ്വയം രാജിവച്ച് പോകാന്‍ പവാര്‍ തന്നെ കേരളത്തിലെ എന്‍.സി.പി നേതൃത്വത്തോട് പറയുക. അല്ലങ്കില്‍ സി.പി.എം എന്‍.സി.പിയെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കുകയാണ് വേണ്ടത്. അതിന് ദിന്‍ഡോരിയിലെ ഫലപ്രഖ്യാപനം വരെ കാത്തിരിക്കേണ്ട കാര്യം പോലും ഇല്ല.
കാരണം, മുന്‍പൊന്നും ഇല്ലാത്ത തരത്തില്‍ കടുത്ത വെല്ലുവിളികള്‍ രാജ്യത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ നേരിടുന്ന തിരഞ്ഞെടുപ്പാണിത്. ഈ ഘട്ടത്തിലാണ് സഹായം ആവശ്യമായുള്ളത്. അവിടെ എന്‍.സി.പി ക്കൂടി പിന്തുണച്ചിരുന്നു എങ്കില്‍ നിഷ്പ്രയാസം ഗാവിത് വിജയിക്കുമായിരുന്നു.
ഒരിക്കലും ദിന്‍ഡോരിയില്‍ കോണ്‍ഗ്രസ്സ് – എന്‍.സി.പി സഖ്യത്തിന് മാത്രമായി വിജയിക്കാന്‍ കഴിയില്ല. ഈ നിലപാട് ബി.ജെ.പിയെ സഹായിക്കാനേ വഴിവയ്ക്കുകയൊള്ളു. അതുകൊണ്ട് തന്നെയാണ് അണിയറയില്‍ നടന്ന ഒത്തുകളിയുടെ ഭാഗമായ ഈ തീരുമാനവും ചോദ്യം ചെയ്യപ്പെടുന്നത്.
അതേസമയം, മതേതര വോട്ടുകള്‍ ഭിന്നിപ്പിച്ച് വിജയിക്കാം എന്ന കാവി പടയുടെ സ്വപ്നങ്ങള്‍ക്കു മേല്‍ കരിനിഴല്‍ വീഴ്ത്തുന്നതാണ് ചുവപ്പിന്റെ ഇപ്പോഴത്തെ ദിന്‍ഡോരിയിലെ മുന്നേറ്റം.
ചന്ദിവാഡിലെ മാര്‍ക്കറ്റ് മൈതാനത്ത് നടന്ന സി.പി.എം പൊതുയോഗവും അതിന് കൊടും ചൂടിനെ അവഗണിച്ച് എത്തിയ ജനസഞ്ചയവും മാറുന്ന ദിന്‍ഡോരിയുടെ ചുവപ്പ് മുഖമാണ് കാണിച്ചു തരുന്നത്.