തൃശ്ശൂര്‍: ബ്രസീല്‍ എംബസിയുടെ വിരുന്നിന് തൃശ്ശൂരില്‍ നിന്നുള്ള ആയുര്‍ജാക്ക് ചക്കകള്‍.60 കിലോ പഴുത്ത ആയുര്‍ജാക്ക് ചക്കകളാണ് ഡല്‍ഹിയിലെ ബ്രസീല്‍ എംബസിയിലേക്ക് അയച്ചത്. വേലൂര്‍ കുറുമാല്‍കുന്നിലെ ആയുര്‍ജാക്ക് ചക്കത്തോട്ടത്തില്‍ നിന്നാണ് ബ്രസീല്‍ എംബസി ചക്ക വരുത്തിച്ചത്.
ബ്രസീലിന്റെ സ്വാതന്ത്രദിനം പ്രമാണിച്ച് ഡല്‍ഹിയിലെ പ്രത്യേക വിരുന്നില്‍ സ്‌പെഷ്യല്‍ വിഭവം ആയുര്‍ജാക്ക് ചക്കയാണ്. ആയുര്‍ജാക്ക് ചക്കത്തോട്ട ഉടമ വര്‍ഗീസ് തരകന് രേഖാമൂലം ചക്ക ആവശ്യപ്പെട്ട് അറിയിപ്പ് കിട്ടിയിരുന്നു. ചക്ക അയയ്ക്കാന്‍ 7500 രൂപയാണ് ചെലവ് വന്നത്. എന്നാല്‍ സൗജന്യമായാണ് ചക്ക കടത്തിവിട്ടതെന്ന് വര്‍ഗീസ് തരകന്‍ പറഞ്ഞു. ഇതിനോടകം കുറുമാല്‍ കുന്നിലെ അഞ്ചേക്കര്‍ ഭൂമിയില്‍ വര്‍ഗീസ് തരകന്‍ ഒരുക്കിയ ആയുര്‍ജാക്ക് ചക്കത്തോട്ടം ഏറെ പ്രശസ്തി നേടി.
വര്‍ഷത്തില്‍ 365 ദിവസവും ഇവിടെ ചക്ക കിട്ടുമെന്നതാണ് പ്രധാന പ്രത്യേകത. ഇതിനനുസരിച്ചാണ് കൃഷി ക്രമീകരിച്ചിട്ടുള്ളതെന്നും വറ്റിവരണ്ട കുറുമാല്‍ കുന്നില്‍ നിലവില്‍ ജലസമ്പുഷ്ടിയുണ്ടാക്കാന്‍ ഈ ചക്കത്തോട്ടത്തിനു കഴിഞ്ഞുവെന്നതും മറ്റൊരു പ്രത്യേകതയാണെന്ന് വര്‍ഗീസ് പറഞ്ഞു. മാത്രമല്ല ഈ തോട്ടം സന്ദര്‍ശിക്കാന്‍ രാജ്യത്തിനകത്തും പുറത്തു നിന്നുമുള്ള ഒട്ടേറെ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളും എത്താറുണ്ടെന്ന് അദ്ദേഹം പറഞ്ഞു.