തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി എെ.എം.ജി ഡയറക്ടര്‍ ജേക്കബ് തോമസ്.
സംസ്ഥാനത്ത് നിയമവാഴ്ചയില്ലെന്നും അഴിമതിക്കെതിരെ നിലകൊള്ളാന്‍ ജനങ്ങള്‍ പേടിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഓഖി ചുഴലിക്കാറ്റില്‍ എത്ര പേര് മരിച്ചുവെന്നോ കാണാതായെന്നോ ആര്‍ക്കും അറിയില്ല. പണക്കാരനാണ് കടലില്‍പോയതെങ്കില്‍ ഇങ്ങനെ ആകുമോ എന്നും ജേക്കബ് തോമസ് ചോദിച്ചു.
ജനങ്ങളുടെ കാര്യം നോക്കാന്‍ കഴിയാത്തവര്‍ എന്തിന് തുടരുന്നു എന്നാണ് ജനം ചോദിച്ചത്. ജനവിശ്വാസമുള്ള ഭരണാധികാരികള്‍ക്ക് ജനത്തിന്റെ അടുത്തുപോയി നില്ക്കാം. ജനങ്ങളാണ് യഥാര്‍ഥ അധികാരിയെന്നും ജേക്കബ് തോമസ് പറഞ്ഞു.
ഗുണനിലവാരമില്ലാത്ത സേവനമായി ഭരണം മാറുന്നു. അഴിമതി തുടർന്നാൽ ദരിദ്രർ ദരിദ്രരായി തുടരുകയും കയ്യേറ്റക്കാർ വമ്പൻമാരായി മാറുകയും ചെയ്യും.
അഴിമതിവിരുദ്ധരെ ഒറ്റപ്പെടുത്തി ഇല്ലാതാക്കുകയാണ് ഇപ്പോള്‍ നടക്കുന്നത്. 51 വെട്ടു വെട്ടിയില്ലെങ്കിലും അവരെ നിശബ്ദരാക്കും. ഭീകരരുടെ രീതിയാണത്. ഭരണം നിലവാരമില്ലാതാകുമ്പോഴാണ് വലിയ പ്രചാരണങ്ങള്‍ വേണ്ടിവരുന്നതെന്നും അദ്ദേഹം പരിഹസിച്ചു.
അഴിമതിക്കാരെല്ലാം ഒന്നാണ്. സുനാമി പാക്കേജിലെ 1600 കോടി രൂപ അടിച്ചുമാറ്റി. സുനാമി ഫണ്ട് ഉപയോഗിച്ചിരുന്നുവെങ്കില് ചെല്ലാനത്ത് ഇന്ന് ഈ കാഴ്ച കാണേണ്ടിവരുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
വിജിലൻസ് ഡയറക്ടറായിരിക്കെ സർക്കാരിന്റെ അപ്രീതിക്കു പാത്രമായ ജേക്കബ് തോമസ് നിലവിൽ സർക്കാർ ജീവനക്കാർക്ക് വിദഗ്ധ പരിശീലനം നൽകുന്ന സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ ഗവൺമെന്റ് (ഐഎംജി) ഡയറകട്റാണ്.
അനുമതിയില്ലാതെ പുസ്തകം എഴുതിയതിന് നിലവില്‍ വകുപ്പ് നടപടി നേരിടുന്ന ജേക്കബ് തോമസ് സസ്പെന്ഷന് വിളിച്ചു വരുത്തുന്ന നടപടിയാണ് ഈ പ്രതികരണത്തിലൂടെ നല്‍കിയിരിക്കുന്നത്.