തിരുവനന്തപുരം: ജലന്ധര്‍ ബിഷപ്പ് പീഡനക്കേസില്‍ കന്യാസ്ത്രീയെ മഠത്തില്‍ പോയി പീഡിപ്പിച്ചത് ലോക്കപ്പ് മര്‍ദനത്തിനു തുല്യമാണെന്ന് വിജിലന്‍സ് മുന്‍ ഡയറക്ടര്‍ ജേക്കബ് തോമസ്. കന്യാസ്ത്രീകള്‍ മേലാധികാരികളെ അനുസരിച്ചു വ്രതനിഷ്ഠയോടെ കഴിയുന്നവരാണ്. ലോക്കപ്പില്‍ ഒരാളെ അടിക്കുന്നതു ഹീനമാണ്. കാരണം അയാള്‍ നിസ്സഹായനാണ്. അതുപോലെ അത്യന്തം ഹീനമായ പ്രവൃത്തിയാണ് കന്യാസ്ത്രീയെ മഠത്തില്‍ പോയി പീഡിപ്പിക്കുന്നതെന്നും ജേക്കബ് തോമസ് പറഞ്ഞു.
ബിഷപ്പിനെ അറസ്റ്റ് ചെയ്യാത്ത കാരണം അന്വേഷണ സംഘത്തിന് സാങ്കേതികമായി പൊതുജനങ്ങളെ അറിയിക്കേണ്ട കാര്യമില്ല. എന്നാല്‍ ഇപ്പോള്‍ സാഹചര്യം അതല്ല. ഒരുകൂട്ടം കന്യാസ്ത്രീകള്‍ തന്നെ പ്ലക്കാര്‍ഡുമായി തങ്ങള്‍ക്കു നീതികിട്ടിയില്ലെന്നു പറയുന്നു. ആ ചോദ്യം പൊതുസമൂഹത്തോടു ചോദിക്കുന്നതാണ്. എന്നോടു ചോദിക്കുന്നതാണ്. ഈ പശ്ചാത്തലത്തില്‍ കുറ്റാരോപിത ബിഷപ്പിനെ എന്തുകൊണ്ട് അറസ്റ്റു ചെയ്തില്ല എന്നു പൊതുസമൂഹത്തെ ബോധ്യപ്പെടുത്തണം.
സീനിയറായ തന്നെ മാറ്റിനിര്‍ത്തിയാണു സര്‍ക്കാര്‍ ലോക്‌നാഥ് ബെഹ്‌റയെ സംസ്ഥാന പൊലീസ് മേധാവിയാക്കിയത്. ഈ സര്‍ക്കാരിന്റെ ആദ്യ തീരുമാനം ബി.സന്ധ്യയെ എഡിജിപിയാക്കിയതായിരുന്നു. രണ്ടാമത്തെ തീരുമാനം സെന്‍കുമാറിനെ മാറ്റി ലോക്‌നാഥ് ബഹ്‌റയെ സംസ്ഥാന പൊലീസ് മേധാവിയാക്കിയായിരുന്നു. സര്‍വീസില്‍ സീനിയറായ തനിക്കു കിട്ടേണ്ട പദവിയായിരുന്നു അത്. തന്നെ തഴഞ്ഞതാണു മൂന്നാമത്തെ തീരുമാനമെന്നും ജേക്കബ് തോമസ് വ്യക്തമാക്കി.