തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരായ സിബിഐയുടെ നീക്കങ്ങളെ പ്രതിരോധിക്കാനൊരുങ്ങി സര്‍ക്കാര്‍.
ഹൈക്കോടതിയില്‍ സിബിഐ സമര്‍പ്പിച്ച സത്യാവാങ്മൂലത്തില്‍ സര്‍ക്കാര്‍ കൂടുതല്‍ സമയം ആവശ്യപ്പെടും.
സര്‍ക്കാര്‍ സര്‍വീസില്‍ ഇരിക്കെ പദവി ദുരുപയോഗം ചെയ്‌തെന്നാരോപിച്ചുളള ഹര്‍ജിയില്‍ അന്വേഷണം ഏറ്റെടുക്കാമെന്ന് കഴിഞ്ഞ ദിവസം സിബിഐ കോടതിയെ അറിയിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്ത് സിബിഐയ്ക്ക് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ഇന്നലെ കത്തയക്കുകയും ചെയ്തിരുന്നു.
ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച നടപടി സിബിഐ ഡയറക്ടറുടെ അറിവോടെയാണോ എന്ന് വ്യക്തമാക്കണമെന്നും നിയമപരമായ ചട്ടങ്ങള്‍ പാലിച്ചാണോ ഇതെന്ന് പരിശോധിക്കണമെന്നും കത്തില്‍ ജേക്കബ് തോമസ് ആവശ്യപ്പെട്ടിരുന്നു.
ജേക്കബ് തോമസ് അവധിയെടുത്ത് അധ്യാപനത്തിന് പോയത് ഗുരുതര തെറ്റാണെന്ന് സിബിഐ സത്യവാങ് മൂലത്തില്‍ പറയുന്നു. കോടതി നിര്‍ദേശിച്ചാല്‍ അന്വേഷണം നടത്താമെന്നും സത്യവാങ്മൂലത്തില്‍ സിബിഐ വ്യക്തമാക്കിയിട്ടുണ്ട്.
ഇത് പ്രകാരം അന്വേഷണത്തിന് സന്നദ്ധതയറിയിച്ച് സിബിഐ സമര്‍പ്പിച്ച പത്രികയുടെ പകര്‍പ്പ് സര്‍ക്കാരിന് നല്‍കാന്‍ കോടതി ഇന്നലെ നിര്‍ദേശിച്ചിരുന്നു.