Jacob Thomas don’t retire the DGP position: V.S

തിരുവനന്തപുരം: ഡിജിപി ജേക്കബ് തോമസ് സര്‍വ്വീസില്‍ നിന്ന് വിരമിക്കരുതെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍.

സര്‍ക്കാര്‍ അച്ചടക്ക നടപടി സ്വീകരിക്കാനൊരുങ്ങുന്ന പശ്ചാത്തലത്തില്‍ ജോലിയില്‍നിന്ന് വിരമിക്കുന്നുവെന്ന വാര്‍ത്തകളുടെ പശ്ചാത്തലത്തിലാണ് വി.എസിന്റെ ഐക്യദാര്‍ഢ്യം.

ഇടതുപക്ഷം അധികാരത്തില്‍ വന്നാല്‍ അര്‍ഹമായ പരിഗണന ജേക്കബ് തോമസിന് നല്‍കുമെന്നും, അനീതിക്കെതിരായ പോരാട്ടം തുടരുമെന്നുമാണ് വി.എസിന്റെ ആഹ്വാനം.

ജോലിയില്‍ തുടരുന്നതിലുള്ള ബുദ്ധിമുട്ട് രേഖപ്പെടുത്തി ജേക്കബ് തോമസ് ഫേസ്ബുക്കിലിട്ട പോസ്റ്റാണ് പോലീസ് ഉദ്യോഗസ്ഥരെയും രാഷ്ട്രീയ സാംസ്‌കാരിക പ്രവര്‍ത്തകരെയും ഞെട്ടിച്ചിരുന്നത്. ജോലിക്കുവേണ്ടി ജീവിക്കണോ അതോ നീതിക്കുവേണ്ടി ജീവിക്കണോ എന്ന ധര്‍മ്മ സങ്കടത്തിലാണ് താനെന്നായിരുന്നു സത്യമേവ ജയതേ എന്ന പേരില്‍ തുടങ്ങിയ ആദ്യ പോസ്റ്റില്‍ ജേക്കബ് തോമസ് ചോദിച്ചിരുന്നത്. പിന്നീട് കഴിഞ്ഞ ദിവസം പുതിയ പോസ്റ്റിലും ഇതിന് സമാനമായ പ്രതികരണമായിരുന്നു അദ്ദേഹം നടത്തിയിരുന്നത്.

അഴിമതിക്കെതിരായ പോരാട്ടം തുടരണമെന്ന് അഭ്യര്‍ത്ഥിച്ച് അനവധി പേരാണ് ജേക്കബ് തോമസിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സോഷ്യല്‍ മീഡിയയില്‍ കമന്റുകളുമായി രംഗത്ത് വന്നിരുന്നത്.

ഈ കോലാഹലങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് വി.എസും ഇപ്പോള്‍ ജേക്കബ് തോമസിന് അനുകൂലമായി രംഗത്തിറങ്ങിയിരിക്കുന്നത്.

ഏതെങ്കിലും തരത്തിലുള്ള നടപടി ജേക്കബ് തോമസിനെതിരെ സര്‍ക്കാര്‍ സ്വീകരിച്ചാല്‍ ശക്തമായി പ്രതികരിക്കുമെന്നും ഇടതുപക്ഷം അധികാരത്തില്‍ വന്നാല്‍ ശിക്ഷാനടപടി റദ്ദാക്കുമെന്നുമാണ് വി.എസിന്റെ നിലപാട്.

ഇടതുമുന്നണി അധികാരത്തില്‍ വന്നാല്‍ ജേക്കബ് തോമസും ഋഷിരാജ് സിങ്ങും അടക്കം അഴിമതിക്കെതിരെ ശക്തമായ നിലപാടെടുക്കുന്ന ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നതിനാവശ്യമായ നടപടി ഉണ്ടാകുമെന്ന സന്ദേശമാണ് ഇരുവര്‍ക്കും വി.എസ് നല്‍കുന്നത്.

നവംബര്‍ 30 ന് വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം പോള്‍ സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്നതോടെ ഋഷിരാജ് സിങ്ങ് പുതുതായി ഡിജിപി തസ്തികയിലെത്തും.

സംസ്ഥാന പൊലീസിലെ രണ്ടാമത്തെ പ്രധാന തസ്തികയായ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് സീനിയോരിറ്റി അനുസരിച്ച് ജേക്കബ് തോമസിനാണ് നിയമനം നല്‍കേണ്ടിയിരുന്നത്. എന്നാല്‍ സര്‍ക്കാരിന്റെ ‘ഹിറ്റ് ലിസ്റ്റിലുളള’ അദ്ദേഹത്തെ തഴഞ്ഞ് പകരം എഡിജിപി റാങ്കിലുള്ള ശങ്കര്‍ റെഡ്ഡിയെയാണ് വിജിലന്‍സ് തലപ്പത്ത് ഇപ്പോള്‍ നിയമിച്ചിരിക്കുന്നത്.

ജേക്കബ് തോമസിന് ഇനി അഞ്ചുവര്‍ഷത്തോളം സര്‍വ്വീസ് ബാക്കിയുണ്ട്. ഋഷിരാജ് സിങ്ങിന് അതിനേക്കാള്‍ സര്‍വ്വീസുണ്ട്. നിലവിലെ ഡിജിപി ടി.പി സെന്‍കുമാറിന് ഒന്നര വര്‍ഷത്തോളമാണ് സര്‍വ്വീസ് അവശേഷിക്കുന്നത്.

ബാര്‍ കോഴക്കേസില്‍ മന്ത്രി കെ.എം മാണിയെ പ്രതിയാക്കുന്നതിന് കാരണക്കാരനായ ജേക്കബ് തോമസിനെ വിജിലന്‍സില്‍ നിന്ന് മാറ്റി ഫയര്‍ ഫോഴ്‌സില്‍ നിയമിച്ചെങ്കിലും ഉടനെ തന്നെ അവിടെനിന്നും തെറിപ്പിക്കുകയായിരുന്നു.

ജനസുരക്ഷ മുന്‍നിര്‍ത്തി ഫയര്‍ സേഫ്റ്റി നിയമം, കെട്ടിട നിര്‍മ്മാണത്തില്‍ കര്‍ക്കശമാക്കിയതോടെ ഫ്‌ളാറ്റ് ലോബിയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നായിരുന്നു സ്ഥാനചലനം.

ഡിജിപി തസ്തികയിലുള്ള അദ്ദേഹത്തെ എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ ഇരുന്ന പോലീസ് കണ്‍സ്ട്രക്ഷന്‍ എംഡിയായി സ്ഥലം മാറ്റിയാണ് സര്‍ക്കാര്‍ പകവീട്ടിയത്.

ഇതില്‍ തനിക്കുള്ള അതൃപ്തി ജേക്കബ് തോമസ് രേഖപ്പെടുത്തിയതിനെതിരെ ആദ്യം വിശദീകരണ നോട്ടീസ് നല്‍കിയ സര്‍ക്കാര്‍, പിന്നീട് വിജിലന്‍സ് കോടതി ബാര്‍ കോഴക്കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ടതിനെ സ്വാഗതം ചെയ്തതിനും അദ്ദേഹത്തിന് വീണ്ടും വിശദീകരണനോട്ടീസ് നല്‍കുകയായിരുന്നു.

മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രതികരിച്ചത് സര്‍വ്വീസ് റൂളിന് എതിരാണെന്നാണ് വിശദീകരണ നോട്ടീസില്‍ ചീഫ് സെക്രട്ടറി വ്യക്തമാക്കിയിരുന്നത്. കോടതിവിധി നല്ല തീരുമാനമെന്ന് പ്രതികരിച്ചത് എങ്ങനെ സര്‍വ്വീസ് റൂളിന് എതിരാവുമെന്നും സര്‍ക്കാര്‍ വിരുദ്ധമാവുമെന്നുമാണ് ജേക്കബ് തോമസിന്റെ ചോദ്യം.

ഓണ്‍ലൈന്‍ പെണ്‍വാണിഭം പിടിച്ചുവെന്ന പേരില്‍ ചാനല്‍ സ്റ്റുഡിയോകളില്‍ കയറി ‘ഷോ’ നടത്തിയ ക്രിമിനല്‍ വിജിലന്‍സ് കേസുകളില്‍ പ്രതിയായ ഐ.ജി ശ്രീജിത്തിന് കുട പിടിക്കുന്നവരാണ് സത്യസന്ധനായ ജേക്കബ് തോമസിനെതിരെ ഇപ്പോള്‍ നടപടിക്കൊരുങ്ങുന്നത്. അതും മാസങ്ങള്‍ എണ്ണപ്പെട്ട ഒരു സര്‍ക്കാര്‍.

Top