കൊച്ചി: ഔദ്യോഗിക ഫോണും ഇ മെയിലും ചോര്‍ത്തിയതായി ആരോപിച്ച് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് നല്‍കിയ പരാതി അന്വേഷിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ.
വിജിലന്‍സ് ഡയറക്ടറുടെ ഫോണ്‍ ചോര്‍ത്താന്‍ നിയമപ്രകാരം ആരെങ്കിലും അനുമതി ആവശ്യപ്പെടുകയോ അനുമതി നല്‍കുകയോ ചെയ്തിട്ടില്ല. നിയമവിരുദ്ധമായി ഫോണ്‍ ചോര്‍ത്തിയിട്ടുണ്ടെങ്കില്‍ നടപടിയെടുക്കുമെന്നും ഡിജിപി പറഞ്ഞു.
തന്റെ ഫോണ്‍ ചോര്‍ത്തുന്നത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ജേക്കബ്ബ് തോമസ് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റക്ക് രേഖാമൂലം പരാതി നല്‍കിയിരുന്നു.
ഇമെയില്‍ ഹാക്ക് ചെയ്തതായി സംശയിക്കുന്നതായും മൊബൈല്‍ ഫോണ്‍ അടക്കമുള്ളവ ചോര്‍ത്തിയതായും ജേക്കബ് തോമസ് പരാതിയില്‍ ഉന്നയിച്ചിരുന്നു.
തനിക്കെതിരെ പ്രവര്‍ത്തിക്കുന്ന ഐഎഎസ് ഐപിഎസ് ലോബിയാണ് പിന്നിലെന്ന സൂചനകളും നല്‍കുന്നുണ്ട്. മുഖ്യമന്ത്രിയുമായും മറ്റ് മന്ത്രിമാരുമായും താന്‍ സംസാരിച്ച കാര്യങ്ങള്‍ വരെ ചോര്‍ത്തിയതായി ഹൈലി കോണ്‍ഫിഡന്‍ഷ്യല്‍ എന്ന് രേഖപ്പെടുത്തിയ പരാതിയില്‍ സൂചിപ്പിച്ചിരുന്നു.