jacob thomas-phone-hacked

കൊച്ചി: ഔദ്യോഗിക ഫോണും ഇ മെയിലും ചോര്‍ത്തിയതായി ആരോപിച്ച് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ഡി.ജി.പി. ലോക്‌നാഥ് ബെഹറക്കു പരാതി നല്‍കി.

ഇ മെയില്‍ ഹാക്ക് ചെയ്തതായി സംശയിക്കുന്നതായും മൊബൈല്‍ ഫോണ്‍ അടക്കമുള്ളവ ചോര്‍ത്തിയതായും ജേക്കബ് തോമസ് പരാതിയില്‍ ഉന്നയിക്കുന്നു.

ഫോണും മെയിലും ചോര്‍ത്തുന്നത് തന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമായാണ് ജേക്കബ് തോമസ് പ്രധാനമായും കത്തില്‍ ആരോപിക്കുന്നത്.

ഇന്റലിജന്‍സിലേക്ക് അടുത്തയിടെ ഇന്റേണല്‍ സെക്യൂരിറ്റിയില്‍ നിന്നു കൊണ്ടുപോയ ഉദ്യോഗസ്ഥനെ മുന്‍നിര്‍ത്തി വിജിലന്‍സ് ഡയറക്ടറുടേത് ഉള്‍പ്പെടെയുള്ള ഫോണ്‍കോളുകള്‍ ചോര്‍ത്തുന്നുവെന്നത് സംബന്ധമായ വാര്‍ത്ത ഒക്ടോബര്‍ 19ന് എക്‌സ്പ്രസ്സ് കേരള പുറത്ത് വിട്ടിരുന്നു.

കേരളത്തില്‍ നിലവിലുള്ള ചട്ടമനുസരിച്ച് ഡി.ജി.പിയുടെ അനുമതിയോടെ, ഐ.ജി. തലത്തിലുള്ള ഉദ്യോഗസ്ഥന് ഒരാഴ്ച്ച വരെ ആരുടെയും ഫോണ്‍ ചോര്‍ത്താനുള്ള അനുമതിയുണ്ട്. ഇത് പിന്‍വലിക്കണമെന്നും ജേക്കബ് തോമസ് പരാതിയില്‍ പറയുന്നു.

രാഷ്ട്രീയ-ഉദ്യോഗസ്ഥ തലത്തിലെ ഉന്നതരില്‍ പലരുമായും ബന്ധപ്പെട്ട കേസുകള്‍ അന്വേഷിക്കുന്ന ഒരു വകുപ്പിന്റെ മേധാവിയെന്ന നിലയ്ക്ക് തന്റെ ഫോണും മെയിലും ചോര്‍ത്തുന്നത് ഗൗരവതരമായി കാണണം. ചോര്‍ത്തുന്നതിനു പിന്നില്‍ ഈ കൂട്ടുകെട്ടാണോ എന്നു സംശയമുണ്ട്. ഫോണ്‍ ചോര്‍ത്താന്‍ അനുമതിയുള്ള ഐ.ജി. റാങ്കിലുള്ള പല ഉദ്യോഗസ്ഥരും കളങ്കിതരാണെന്നും അവരുടെ പേരില്‍ അന്വേഷണം നടക്കുന്നുണ്ടെന്നും ജേക്കബ് തോമസ് കത്തില്‍ വിശദീകരിക്കുന്നുണ്ട്.

മുഖ്യമന്ത്രിയുമായും മറ്റു മന്ത്രിമാരുമായും താന്‍ ഫോണില്‍ നടത്തിയ ഔദ്യോഗിക സംഭാഷണങ്ങള്‍വരെ ചോര്‍ത്തിയതായി സംശയിക്കുന്നതായി ഹൈലി കോണ്‍ഫിഡന്‍ഷ്യല്‍ എന്നു രേഖപ്പെടുത്തിയിട്ടുള്ള കത്തില്‍ ജേക്കബ് തോമസ് ആരോപിക്കുന്നു.

Top