തിരുവനന്തപുരം : താന്‍ മുഖ്യമന്ത്രി ആയിരുന്നെങ്കില്‍ ജേക്കബ് തോമസ് വീട്ടിലിരിക്കുമായിരുന്നെന്ന മന്ത്രി മഞ്ഞളാം കുഴി അലിയുടെ വിമര്‍ശനത്തിന് ഡിജിപി ജേക്കബ് തോമസിന്റെ ചുട്ട മറുപടി.
മനോരമ ന്യൂസ് മേക്കറിന്റെ തുറന്ന സംവാദത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
നമ്മുടെ ജോലി കഴിഞ്ഞാല്‍ വീട്ടിലേക്ക് പോവുമല്ലോ? വീട്ടിലിരുന്നും കുറെ ജോലി ചെയ്യും. 24 മണിക്കൂറും ജോലി ചെയ്യാന്‍ ചുമതലപ്പെട്ടവരാണ് പോലീസുകാര്‍. ജേക്കബ് തോമസ് തുറന്നടിച്ചു.
84-ല്‍ സിവില്‍ സര്‍വ്വീസ് പരീക്ഷ എഴുതിയത് തന്നെ ജനങ്ങള്‍ക്ക് വേണ്ടി ജീവിതം മാറ്റി വയ്ക്കാനാണ്.
രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ജനങ്ങളുടെ പ്രതിനിധികളാണ്. രണ്ട് കൂട്ടരും ഒരേ കാര്യത്തിനാണ് പ്രവര്‍ത്തിക്കുന്നത്.
ഫോര്‍ ദ പീപ്പിള്‍, ഓഫ് ദ പീപ്പില്‍, ബൈ ദ പീപ്പിള്‍ എന്ന് പറയുന്നതുപോലെ ജനങ്ങള്‍ ആണ് എല്ലാറ്റിനും മുകളില്‍. അതിന് താഴെയാണ് സര്‍ക്കാര്‍.
ഡി.ജി.പി ജേക്കബ് തോമസിനെ പ്രകോപിപ്പിച്ച ജോസഫ് വാഴക്കന്‍ എം.എല്‍.എക്കും കിട്ടി കണക്കിന്.
താങ്കളുടെ ഒരു കീഴുദ്യോഗസ്ഥന്‍, ഋഷിരാജ് സിംഗ് ആഭ്യന്തര മന്ത്രിയോട് പെരുമാറിയത് പോലെ എണീറ്റ് നിന്ന് ബഹുമാനിക്കാതിരുന്നാല്‍ എന്ത് ചെയ്യുമായിരുന്നു മന്ത്രിയുടെ വലം കൈ കൂടിയായ എം.എല്‍.എ യുടെ ചോദ്യം.
എന്തുകൊണ്ട് അങ്ങനെ ചെയ്യുന്നെന്ന് അന്വേഷിക്കുമെന്ന് മറുപടി പറഞ്ഞ ജേക്കബ് തോമസ് ഋഷിരാജ് സിംഗിന്റെ കാര്യത്തില്‍ അദ്ദേഹം മുന്നോട്ട് നോക്കിയിരുന്നതിനാല്‍ മന്ത്രിയെ കണ്ടില്ലായിരിക്കാം എന്ന് സൂചിപ്പിച്ചു.
എന്നാല്‍ ഈ മറുപടിയില്‍ തൃപ്തിയാകാതെ വീണ്ടും ‘താങ്കള്‍ക്ക് മുന്നില്‍ എണീക്കാന്‍ തോന്നിയില്ല എന്ന് കീഴുദ്യോഗസ്ഥന്‍ പറഞ്ഞാല്‍’ എന്ത് ചെയ്യുമെന്ന് ജോസഫ് വാഴക്കന്‍ ചോദ്യം ആവര്‍ത്തിച്ചു. ഇതോടെയാണ് സദസ്സിനെ പോലും അമ്പരപ്പിച്ച മറുപടിയുമായി ജേക്കബ് തോമസ് രംഗത്ത് വന്നത്.
ഞാന്‍ ബഹുമാനം കിട്ടാന്‍ അര്‍ഹനല്ലെന്ന തിരിച്ചറിവും അത്തരം സന്ദര്‍ഭത്തില്‍ തനിക്ക് തോന്നിയെന്നിരിക്കുമെന്ന് തുറന്നടിച്ച ജേക്കബ് തോമസിന്റെ മറുപടി വന്‍ കയ്യടിയോടെയാണ് സദസ്സ് സ്വീകരിച്ചത്.
പരിപാടിയില്‍ പങ്കെടുത്ത മാധ്യമപ്രവര്‍ത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ സണ്ണികുട്ടി എബ്രഹാമും ജോസഫ് വാഴക്കനും ഈ നിലപാടിനെ ചോദ്യം ചെയ്തു.
ആഭ്യന്തര മന്ത്രിയെ ഋഷിരാജ് സിംഗ് അപമാനിച്ചത് ശരിയാണെന്ന രൂപത്തിലാണ് ഡി.ജി.പി സംസാരിച്ചതെന്ന വിമര്‍ശനവും ഉയര്‍ത്തി.
എന്നാല്‍ തന്നോട് കീഴുദ്യോഗസ്ഥനെ ബന്ധപ്പെടുത്തി ചോദിച്ചതിന്റെ മറുപടിയാണ് പറഞ്ഞതെന്നും സോഷ്യോളജിക്കല്‍, സൈക്കോളജിക്കല്‍ ആംഗിളിലാണ് കാര്യങ്ങള്‍ പറഞ്ഞതാണെന്നും ജേക്കബ് തോമസ് വ്യക്തമാക്കി.
കേരളത്തിലെ ഒരു മനുഷ്യനും അപകടമരണം സംഭവിക്കരുതെന്ന് കരുതിയാണ് ഫയര്‍ സേഫ്റ്റി നിയമം നടപ്പാക്കിയത്. ജനസുരക്ഷയാണ് പ്രധാനം.
കഷ്ടപ്പെട്ട് വീട് വാങ്ങുന്നവര്‍ക്ക് സുരക്ഷിതമായ താമസസ്ഥലം കിട്ടണം. അതാണ് നീതി.
കര്‍മ്മം ചെയ്യുന്നത് നല്ല ഫലം കിട്ടാനാണെന്നും ജേക്കബ് തോമസ് പറഞ്ഞു.
ബാര്‍ കോഴ കേസില്‍ കോടതി ഉത്തരവിനെ സ്വാഗതം ചെയ്തതിനെ പരാമര്‍ശിച്ച ചോദ്യത്തിന് ഒരു കോടതി ഉത്തരവ് വന്നാല്‍ സ്വാഗതം ചെയ്യണം, നല്ലതാണെന്ന് പറയണം. അത് പോലീസ് ആക്ടില്‍ പറയുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നാഷണല്‍ പോലീസ് അക്കാദമിയില്‍ നിന്ന് പ്രസിഡന്റിന്റെ സോഡ് ഓഫ് ഓണര്‍ ലഭിച്ച കേരളത്തിലെ ഏക ഐ.പി.എസ് ഓഫീസറായ ജേക്കബ് തോമസിന് പുറമെ മനോരമ ന്യൂസ് മേക്കര്‍ അന്തിമ പട്ടികയില്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെട്ട്രറി വെള്ളാപ്പള്ളി നടേശന്‍, സിനിമാതാരം നിവിന്‍ പോളി എന്നിവരാണുള്ളത്.