തിരുവനന്തപുരം : സംസ്ഥാനത്ത് ഇപ്പോള്‍ നടപ്പാക്കുന്നത് സര്‍ക്കാര്‍ നയമെന്ന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. അഴിമതി ഇല്ലാതാക്കുക എന്നതാണ് സര്‍ക്കാര്‍ നയം. സംസ്ഥാനത്തെ അഴിമതി മുക്തമാക്കാന്‍ കൂട്ടായി പ്രവര്‍ത്തിക്കാമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
മുന്‍മന്ത്രി കെ. ബാബുവിന്റെ വീട്ടിലെ വിജിലന്‍സ് റെയ്ഡുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു ഡിജിപി ജേക്കബ് തോമസ്.
അന്വേഷണത്തെപ്പറ്റി ഇപ്പോഴൊന്നും പറയാനില്ല. അഴിമതി അവസാനിപ്പിക്കുകയെന്നത് സര്‍ക്കാര്‍ നയമാണ്. അത് നടപ്പാക്കുകയാണ് ചെയ്യുന്നത്. വിജിലന്‍സ് അവരുടെ പണി ചെയ്തു കൊണ്ടിരിക്കുകയാണ്. കൃത്യമായ വഴിയില്‍ ഉദ്യോഗസ്ഥര്‍ സത്യസന്ധമായി അന്വേഷിക്കും.
സുപ്രീംകോടതിയുടെ ഉത്തരവിന് ശേഷം പ്രാഥമിക അന്വേഷണം നടത്തിയതിനു ശേഷമേ വിജിലന്‍സ് തുടര്‍ നടപടികള്‍ സ്വീകരിക്കാറുള്ളൂ. പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് കണ്ടെത്തിയാണ് ബാബുവിനെതിരെ കേസെടുത്തതെന്നും ജേക്കബ് തോമസ് പറഞ്ഞു.
ബാബുവിന്റെയും ബന്ധുക്കളുടെയും സഹായികളുടെയും വീട്ടില്‍ നടത്തിയ റെയ്ഡില്‍ എട്ടു ലക്ഷം രൂപയോളം കണ്ടെടുത്തിരുന്നു. ബാബുവിനെതിരെ അനധികൃത സ്വത്തുസമ്പാദനത്തിന് കേസെടുക്കുകയും ചെയ്തിട്ടുണ്ട്.