തിരുവനന്തപുരം: പാറ്റൂര്‍ ഭൂമി ഇടപാടില്‍ അഴിമതി നടന്നതായി ഡിജിപി ജേക്കബ് തോമസ്. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ തല്‍സമയ അഭിമുഖത്തിലാണ് ജേക്കബ് തോമസ് ഇക്കാര്യം വെളിപ്പെടുത്തിയത്. പാറ്റൂര്‍ ഭൂമി ഇടപാടില്‍ ഭരണ സംവിധാനത്തിന് വീഴ്ച പറ്റിയതായും ജേക്കബ് തോമസ് പറഞ്ഞു. ഇക്കാര്യത്തില്‍ കേസ് ലോകായുക്തയുടെ പരിഗണനയിലായതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുന്നില്ല.
ബാര്‍ കോഴയില്‍ അഴിമതി നടന്നിട്ടുണ്ടോയെന്ന് ജനങ്ങള്‍ക്ക് അറിയാം. ബാര്‍ കോഴ അന്വേഷണത്തില്‍ തനിക്ക് ചുമതല ഉണ്ടായിരുന്നുവെന്നും ഡിജിപി വെളിപ്പെടുത്തി. ബാര്‍ കേസ് വിവാദത്തിന്റെ ആരംഭം തൊട്ട് ജേക്കബ് തോമസിന് അന്വേഷണ ചുമതല ഇല്ലായിരുന്നുവെന്ന് പറഞ്ഞ സര്‍ക്കാരിനും യുഡിഎഫിനുമുള്ള കനത്ത തിരിച്ചടിയാണ് ഈ പ്രതികരണം.
മന്ത്രി കെ എം മാണിയെ പ്രതിയാക്കി വിജിലന്‍സ് കേസെടുത്തത് ജേക്കബ് തോമസിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു.
അഴിമതിയുടെ കാര്യത്തില്‍ കേരളം ആത്മ പരിശോധന നടത്തേണ്ട സമയമായെന്നും ഡിജിപി പറഞ്ഞു. അഴിമതിക്കാരുണ്ട് സൂക്ഷിക്കുക എന്ന ബോര്‍ഡ് വയ്‌ക്കേണ്ട അവസ്ഥയിലാണ് കേരളം. അഴിമതിക്ക് എതിരായ പോരാട്ടം ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായിരുന്നപ്പോള്‍ മുതല്‍ നടത്തുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സംസ്ഥാനപോലീസില്‍ രണ്ടാമനായ ജേക്കബ് തോമസിനെ അര്‍ഹമായ പരിഗണന നല്‍കാതെയും പകപോക്കല്‍ നടപടിയുമായും സര്‍ക്കാര്‍ മുന്നോട്ടുപോയതിനെ തുടര്‍ന്ന് ജേക്കബ് തോമസും മുഖ്യമന്ത്രിയുമായി ഉടക്കിയിരുന്നു.
സര്‍ക്കാരിന്റെയും യുഡിഎഫിന്റെയും കടന്നാക്രമണത്തെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചുനാളുകളായി ഫേസ്ബുക്കിലൂടെയും മറ്റും ജേക്കബ് തോമസ് പരസ്യ വിമര്‍ശനം നടത്തിവരികയാണ്. പാറ്റൂര്‍ ഭൂമി ഇടപാടില്‍ ഉള്‍പ്പടെ അഴിമതി നടന്നതായി ജേക്കബ് തോമസ് പല തവണ പറഞ്ഞിട്ടുണ്ട്. ജേക്കബ് തോമസിനെതിരെ സര്‍ക്കാര്‍ നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നെങ്കിലും, പിന്നീട് പിന്മാറുകയായിരുന്നു.
എന്നാല്‍ തനിക്കെതിരായ അപകീര്‍ത്തികരമായ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രിക്കെതിരെ നിയമനടപടിക്ക് അനുമതി ആവശ്യപ്പെട്ട് സംസ്ഥാന പോലീസ് ചീഫ് വഴി ചീഫ് സെക്രട്ടറിക്ക് കത്തു നല്‍കിയാണ് ജേക്കബ് തോമസ് തിരിച്ചടിച്ചത്.
മുഖ്യമന്ത്രിയുടെ വാക്കുകള്‍ തന്നെ വേദനിപ്പിച്ചതായും മുഖ്യമന്ത്രി ഉള്‍പ്പെടെ ആരുമായും തനിക്ക് ഒരു ശത്രുതയുമില്ലെന്നും അഭിമുഖത്തില്‍ ജേക്കബ് തോമസ് പറഞ്ഞു.
അഗ്നിശമന സേനാ മേധാവിയായിരുന്നപ്പോള്‍ കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കാനാണ് താന്‍ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോള്‍ പോലീസ് ഹൗസിങ് കണ്‍സ്ട്രക്ഷന്‍സ് കോര്‍പറേഷന്‍ എം ഡിയാണ് ജേക്കബ് തോമസ്.