തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ കോടതിയെ സമീപിക്കാന്‍ അനുമതി തേടി ജേക്കബ് തോമസിന്റെ കത്ത്. ആവശ്യമുന്നയിച്ച് ഡിജിപിക്കാണ് ജേക്കബ് തോമസ് കത്ത് നല്‍കിയത്. ഡിജിപി കത്ത് ചീഫ് സെക്രട്ടറിക്ക് കൈമാറി.
ഫ്‌ളാറ്റ് ഉടമകള്‍ക്കെതിരെ നടപടി സ്വീകരിച്ച തനിക്കെതിരെ അപകീര്‍ത്തിപരമായ പ്രസ്താവന നടത്തിയതിന് മുഖ്യമന്ത്രിക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാന്‍ അനുവാദം നല്‍കണമെന്നാണ് കത്തിലെ ആവശ്യം.
മുഖ്യമന്ത്രി തന്നെ ജനവിരുദ്ധനായി ചിത്രീകരിച്ചു. മുഖ്യമന്ത്രി അത് പരസ്യമായി തിരുത്തണം. ഇല്ലെങ്കില്‍ താന്‍ കോടതിയെ സമീപിക്കും അതിന് അനുമതി തേടിയാണ് ജേക്കബ് തോമസ് കത്ത് നല്‍കിയിരിക്കുന്നത്.
എന്നാല്‍, കത്ത് ലഭിച്ച കാര്യത്തെക്കുറിച്ച് ചീഫ് സെക്രട്ടറി ഔദ്യോഗികമായ പ്രതികരിച്ചിട്ടില്ല. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഡി.ജി.പി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന്‍ മുഖ്യമന്ത്രിക്കെതിരെ നടപടിയെടുക്കാന്‍ അനുമതി തേടുന്നത്.
ജേക്കബ് തോമസിനെ ഫയര്‍ഫോഴ്‌സ് മേധാവി സ്ഥാനത്തുനിന്നും നീക്കിയ സമയത്തായിരുന്നു ഉമ്മന്‍ചാണ്ടി അദ്ദേഹത്തിനെതിരെ പരാമര്‍ശം നടത്തിയത്. ജനദ്രോഹപരമായ നടപടികള്‍ സ്വീകരിച്ചതിനാലാണ് ജേക്കബ് തോമസിനെ മാറ്റിയത് എന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. അനധികൃതമായി ഫ്‌ളാറ്റുകള്‍ക്ക് അനുമതി നിഷേധിച്ച ജേക്കബ് തോമസിനെതിരെ പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു,
എന്നാല്‍ അത്തരത്തില്‍ രേഖാമൂലം ഒരു പരാതിയും ലഭിച്ചിട്ടില്ലെന്ന് വിവരാവകാശപ്രകാരം ലഭിച്ച മറുപടിയില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ മറുപടി നല്‍കി. ഇതിനുപുറമെ 77 ഫ്‌ളാറ്റുകള്‍ക്ക് അനുമതി നിഷേധിച്ച ജേക്കബ് തോമസിന്റെ നടപടി ശരിയാണെന്ന് റിപ്പോര്‍ട്ട് ലഭിക്കുകയും ചെയ്തു. പുതിയ ഫയര്‍ഫോഴ്‌സ് മേധാവി അനില്‍ കാന്ത് ആണ് സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.