jacob thomas-statement

തിരുവനന്തപുരം: തനിക്കെതിരെയുള്ള ആരോപണങ്ങള്‍ക്കു പിന്നില്‍ നിക്ഷിപ്ത താല്‍പര്യമെന്ന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്.

തുറമുഖവകുപ്പില്‍ നിന്ന് എന്തെങ്കിലും സംഘടിപ്പിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. മടുത്ത് ഇട്ടിട്ട് പോയാല്‍ രക്ഷപെട്ടെന്ന് ചിലര്‍ കരുതുമെന്നും ജേക്കബ് തോമസ് പറഞ്ഞു.

അഴിമതി പൂര്‍ണമായി ഇല്ലാതാക്കാന്‍ ഒരുദിവസം കൊണ്ട് പറ്റില്ല. പുതിയ സംവിധാനവും ചിന്തയും ഉണ്ടാകേണ്ടതുണ്ട്. അതിന്റെ ലക്ഷണമാണ് കാണുന്നത്.

ബന്ധുനിയമനത്തില്‍ ഇ.പി.ജയരാജന്‍ മന്ത്രിസ്ഥാനം രാജിവച്ചത് ഈ നയത്തിന്റെ ഭാഗമാണ്. യു.ഡി.എഫ് കാലത്ത് ഈ നയം ഇല്ലായിരുന്നു പ്രസ്‌ക്ലബ്ബ് ജേര്‍ണലിസം ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ത്ഥികളുമായുള്ള മുഖാമുഖം പരിപാടിയില്‍ ജേക്കബ് തോമസ് പറഞ്ഞു.

തനിക്കെതിരേ ഇന്നുതന്നെ വകുപ്പുതല നടപടിയെടുക്കണമെന്നാണ് ആവശ്യം. എന്നാല്‍ യാഥാര്‍ത്ഥ്യം അതല്ല. പാരമ്പര്യേതര സ്രോതസ്സുകളില്‍ നിന്നുള്ള ഊര്‍ജ്ജം പരമാവധി ഉപയോഗിക്കുകയെന്നതാണ് കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ നയം.

തിരമലാലകളില്‍ നിന്നും കാറ്റില്‍ നിന്നും കടലില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിച്ചും വൈദ്യുതി ഉത്പാദിപ്പിക്കാന്‍ താന്‍ ഡയറക്ടറായിരുന്നപ്പോള്‍ ടെന്‍ഡര്‍ വിളിച്ചിരുന്നു. അതെല്ലാം പൂര്‍ത്തിയാക്കും മുന്‍പ് തന്നെ സ്ഥലംമാറ്റി.

1946മുതല്‍ ശംഖുംമുഖത്ത് തുറമുഖവകുപ്പിന് ഓഫീസുണ്ടെങ്കിലും കാര്യമായി ഉപയോഗിച്ചിരുന്നില്ല. സ്വന്തം കെട്ടിടത്തില്‍ ഡയറക്ടറേറ്റില്ലാത്ത ഏക വകുപ്പായിരുന്നു തുറമുഖവകുപ്പ്. പാളയത്ത് വാടകകെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഡയറക്ടറേറ്റ് ശംഖുംമുഖത്തെ കെട്ടിടം നവീകരിച്ച് അവിടേക്ക് മാറ്റി.

കെ.എസ്.ഇ.ബിയില്‍ നിന്നുള്ള വൈദ്യുതി ഉപയോഗിക്കാതെ ഡയറക്ടറേറ്റ് പ്രവര്‍ത്തിപ്പിക്കണമെന്നാണ് തീരുമാനിച്ചത്. ഇതിനായി 25വര്‍ഷം വാറണ്ടിയുള്ള സോളാര്‍ പാനലുകള്‍ ഘടിപ്പിച്ചു. തുടക്കത്തില്‍ മുതല്‍മുടക്ക് കൂടുതലാണെങ്കിലും വൈദ്യുതി ബില്ലിലെ ലാഭം കൊണ്ട് ഈ തുക മടക്കികിട്ടും.

താന്‍ തുറമുഖ ഡയറക്ടറായിരുന്നപ്പോള്‍ കെ.എസ്.ഇ.ബി ഗ്രിഡില്‍ നിന്ന് വൈദ്യുതി ഉപയോഗിക്കാത്ത ആദ്യത്തെ ഡയറക്ടറേറ്റായി അത് മാറി. സോളാര്‍ സംവിധാനത്തിന്റെ അറ്റകുറ്റപ്പണികള്‍ താന്‍ കൃത്യമായി നടത്തിയിരുന്നു.

തന്നെ സ്ഥലംമാറ്റിയശേഷം വാര്‍ഷിക അറ്റകുറ്റപ്പണികള്‍ പോലും നടത്തിയില്ല. ചിലയാളുകള്‍ മന:പൂര്‍വ്വം അറ്റകുറ്റപ്പണി നടത്താതിരുന്നതായി പിന്നീട് മനസിലായി. തന്നെ ഓടിക്കാന്‍ അഴിമതിക്കാര്‍ പലപല വഴികള്‍ പയറ്റുകയാണ്.

സ്വാതന്ത്ര്യം ആപേക്ഷികമാണ്. ആരും പൂര്‍ണ സ്വതന്ത്രരല്ല. പ്രധാനമന്ത്രി അതീവ ശക്തനാണ്, പക്ഷേ പൂര്‍ണമായി സ്വതന്ത്രനല്ല. ജനാധിപത്യ സംവിധാനത്തിനകത്തു നിന്ന് നിയമം മറികടക്കാതെ വിജിലന്‍സ് പ്രവര്‍ത്തിക്കുമെന്നും ജേക്കബ്‌തോമസ് പറഞ്ഞു.

Top