സര്‍ക്കാരിനെതിരായ വിവാദപ്രസ്താവന;ഡിജിപി ജേക്കബ് തോമസിന് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ നിയമവാഴ്ച തകര്‍ന്നെന്നു പരസ്യമായി ആരോപിച്ച ഡി.ജി.പി ജേക്കബ് തോമസിനെ സസ്‌പെന്‍ഡ് ചെയ്തു. കഴിഞ്ഞ ഒന്‍പതിനു തിരുവനന്തപുരം പ്രസ്‌ക്ലബ് സംഘടിപ്പിച്ച ചടങ്ങില്‍ സര്‍ക്കാരിനെതിരെ വിവാദ പ്രസ്താവന നടത്തിയതിന്റെ
പശ്ചാത്തലത്തിലാണ് നടപടി.

പണക്കാരുടെ മക്കളാണു കടലില്‍ പോയതെങ്കില്‍ ഇതാകുമായിരുന്നോ പ്രതികരണമെന്ന്, ഓഖി ചുഴലിക്കാറ്റില്‍ കൈക്കൊണ്ട നടപടികളെ ചോദ്യംചെയ്ത് ജേക്കബ് തോമസ് വിമര്‍ശിച്ചിരുന്നു.

ജനങ്ങളുടെ കാര്യം നോക്കാന്‍ കഴിയാത്തവര്‍ എന്തിനു തുടരുന്നു എന്നാണു തീരപ്രദേശത്തുള്ളവര്‍ ഭരണാധികാരികളോടു ചോദിച്ചത്. ജനവിശ്വാസമുള്ള ഭരണാധികാരികള്‍ക്കു ജനത്തിന്റെ അടുത്തു പോയി നില്‍ക്കാം. ജനങ്ങളാണു യഥാര്‍ഥ അധികാരി. എത്രപേരെ കാണാതായെന്ന കാര്യത്തില്‍ പോലും ഉത്തരവാദിത്തമില്ലാത്ത സ്ഥിതിയാണ്. അഴിമതിക്കാര്‍ ഇവിടെ ഐക്യത്തിലാണ്. അവര്‍ക്ക് അധികാരമുണ്ട്. അഴിമതിവിരുദ്ധരെ ഒറ്റപ്പെടുത്തി ഇല്ലാതാക്കുന്നു. 51 വെട്ട് വെട്ടിയില്ലെങ്കിലും അഴിമതിവിരുദ്ധരെ നിശബ്ദരാക്കും. ഭീകരരുടെ രീതിയാണിതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ജേക്കബ് തോമസിന്റെ പ്രസ്താവന ജനങ്ങള്‍ക്കിടയില്‍ സര്‍ക്കാരിന് അവമതിപ്പുണ്ടാക്കിയെന്നും ഐപിഎസ് ഉദ്യോഗസ്ഥനു ചേരാത്ത നടപടിയാണെന്നും വിലയിരുത്തിയാണ് അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്യാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടത്.

അഖിലേന്ത്യാ സര്‍വീസ് നിയമം 3(1എ) പ്രകാരമാണു നടപടി. സംസ്ഥാനതാത്പര്യത്തിനു വിരുദ്ധമായ സമീപനമെടുക്കുന്ന ഉദ്യോഗസ്ഥനെ സര്‍വീസില്‍നിന്നു നീക്കാമെന്ന് ഇതുസംബന്ധിച്ച ചട്ടത്തില്‍ പറയുന്നു. സസ്‌പെന്‍ഷന്‍ കൂടാതെ അച്ചടക്കനടപടിയും സ്വീകരിക്കും. ജേക്കബ് തോമസ് നിലവില്‍ ഐ.എം.ജി ഡയറക്റ്ററാണ്.

Top