തിരുവനന്തപുരം: ജേക്കബ് തോമസ് വിഷയത്തില്‍ ചീഫ് സെക്രട്ടറിയുണ്ടാക്കിയ ‘കുരുക്ക് ‘ സര്‍ക്കാറിനും കുരുക്കാകുന്നു.
തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ഡ്രജര്‍ വാങ്ങിയതില്‍ 15 കോടിയുടെ നഷ്ടം വരുത്തിയെന്ന ധനവകുപ്പ് സെക്രട്ടറി കെ എം എബ്രഹാമിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജേക്കബ് തോമസിനെ തല്‍സ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്തി അന്വേഷണം നടത്തണമെന്ന് ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടിരിക്കുന്നത്.
സംസ്ഥാന ഉദ്യോഗസ്ഥ തലവന്‍ തന്നെ ഇങ്ങനെ ഒരു ശുപാര്‍ശ നല്‍കിയതിനാല്‍ ഉടന്‍ തീരുമാനം കൈക്കൊള്ളാതെ സര്‍ക്കാറിന് ഇനി മുന്നോട്ട് പോവാന്‍ കഴിയില്ല. മുഖ്യമന്ത്രി ഇന്ന് നടത്തിയ പ്രതികരണത്തില്‍ ജേക്കബ് തോമസിനെതിരായ റിപ്പോര്‍ട്ടില്‍ ചില കാര്യങ്ങള്‍ ശരിയാണെന്ന് പറഞ്ഞെങ്കിലും വിജിലന്‍സ് ഡയറക്ടറില്‍ പൂര്‍ണ്ണ വിശ്വാസം രേഖപ്പെടുത്തിയത് ‘ബദല്‍’ സംവിധാനം എളുപ്പമല്ലെന്ന് കണ്ടാണ്.
ജേക്കബ് തോമസിനെതിരായി ഐഎഎസ് ലോബിയുടെ നീക്കമാണ് നടക്കുന്നതെന്ന് ആരോപിച്ച് ഭരണ പരിഷ്‌ക്കാര അദ്ധ്യക്ഷന്‍ വിഎസ് തന്നെ രംഗത്ത് വന്നിട്ടുണ്ടെങ്കിലും നിയമപരമായും ധാര്‍മ്മിക പരവുമായുമുള്ള പ്രതി സന്ധി മറി കടക്കുക പിണറായി സര്‍ക്കാറിനെ സംബന്ധിച്ച് എളുപ്പമുള്ള കാര്യമല്ല.
വിഷയത്തില്‍ പ്രോസിക്യൂഷന്‍ ഡയറക്ടറുടെ അഭിപ്രായം തേടാന്‍ മുഖ്യമന്തി തീരുമാനിച്ചിട്ടുണ്ടെങ്കിലും തീരുമാനം വൈകിയാല്‍ ആരെങ്കിലും കോടതിയെ സമീപിച്ചാലും സര്‍ക്കാറിനെ സംബന്ധിച്ച് വെല്ലുവിളിയാകും
സര്‍ക്കാറിനെതിരെ കോടതികളില്‍ വരുന്ന ഹര്‍ജികളില്‍ കക്ഷിയാക്കപ്പെടുന്നത് ചീഫ് സെക്രട്ടറിയാണ് എന്നതിനാല്‍ മറുപടിയില്‍ പോലും ഇപ്പോഴത്തെ സാഹചര്യത്തില്‍ വിട്ടുവീഴ്ചയുണ്ടാകാന്‍ സാധ്യതയില്ല.
ചീഫ് സെക്രട്ടറി തന്നെ അന്വേഷണത്തിന്റെ ഭാഗമായി ചുമതലയില്‍ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടതിനാല്‍ വിജിലന്‍സ് ഡയറക്ടര്‍ എന്ന നിലയില്‍ ഇക്കാര്യത്തില്‍ ഒരു തീരുമാനമാകുന്നത് വരെ തല്‍സ്ഥാനത്ത് എങ്ങിനെ ജേക്കബ് തോമസിന് തുടരാനാകും എന്ന ചോദ്യവും ചില കേന്ദ്രങ്ങള്‍ ഉയര്‍ത്തി കഴിഞ്ഞിട്ടുണ്ട്.
ജേക്കബ് തോമസിനെ മാറ്റി വിജിലന്‍സ് ഡയറക്ടറാക്കാന്‍ പറ്റിയ മറ്റൊരു ബദല്‍ സര്‍ക്കാറിന് മുന്നില്‍ ഇപ്പോള്‍ ഇല്ലന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം.
കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിന് അനുവദിച്ച ഡി ജി പി കേഡര്‍ തസ്തിക രണ്ട് എണ്ണം മാത്രമാണ്. അതില്‍ ഒന്ന് സംസ്ഥാന പോലീസ് മേധാവി തസ്തികയും മറ്റൊന്ന് വിജിലന്‍സ് ഡയറക്ടര്‍ തസ്തികയുമാണ്.
സീനിയോറിറ്റി പ്രകാരമായിരുന്നു നിര്‍ണ്ണയമെങ്കില്‍ മുന്‍ പൊലീസ് മേധാവി ടി പി സെന്‍കുമാറിനും ജേക്കബ് തോമസിനും മാത്രമേ ഈ കേഡര്‍ തസ്തികക്ക് അര്‍ഹതയുണ്ടാവുമായിരുന്നൊള്ളൂ.
എന്നാല്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നിയമിതനായിരുന്ന സെന്‍കുമാറിനെ പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് ജിഷ കേസുള്‍പ്പെടെ ഗുരുതരങ്ങളായ കൃത്യവിലോപം കാണിച്ചുവെന്ന് ചൂണ്ടി കാണിച്ചാണ് സ്ഥലം മാറ്റിയിരുന്നിരുന്നത്.തുടര്‍ന്ന് ലോക് നാഥ് ബഹ്‌റയെ തല്‍സ്ഥാനത്ത് അവരോധിക്കുകയായിരുന്നു.
സര്‍ക്കാറിന്റെ ഈ നടപടിക്കെതിരായ സെന്‍കുമാറിന്റെ ഹര്‍ജി ഇപ്പോള്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.
മതിയായ കാരണമില്ലാതെ ക്രമസമാധാന ചുമതലയില്‍ നിന്ന് പൊലീസ് ഉദ്യോഗസ്ഥരെ മാറ്റരുതെന്ന സുപ്രീം കോടതി നിര്‍ദ്ദേശം അട്ടിമറിക്കപ്പെട്ടുവെന്നാണ് സെന്‍കുമാറിന്റെ ആരോപണം.
സംസ്ഥാന പൊലീസില്‍ സീനിയോററ്റി പ്രകാരം ഇപ്പോഴും സെന്‍കുമാര്‍ തന്നെയാണ് ഒന്നാമന്‍ ജേക്കബ് തോമസ് രണ്ടാമതും ബഹ്‌റ മൂന്നാമതുമാണ്.
വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ജേക്കബ് തോമസിനെ മാറ്റിയാല്‍ പകരം ലോക്‌നാഥ് ബഹ്‌റയേയോ സെന്‍കുമാറിനേയോ നിയമിക്കാനേ നിയമപരമായി സര്‍ക്കാറിന് സാധിക്കൂ.
ഇതില്‍ സെന്‍കുമാറിന്റെ കാര്യം ആലോചിക്കാന്‍ പോലും കഴിയാത്തതിനാല്‍ ജേക്കബ് തോമസിനെ സംസ്ഥാന പൊലീസ് മേധാവിയും ബഹ്‌റയെ വിജിലന്‍സ് മേധാവിയും ആക്കുകയാണ് മറ്റൊരു പോംവഴി.
സംസ്ഥാന പൊലീസ് സേനക്ക് അകത്ത് തന്നെ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാന്‍ ഇടയുള്ള ഇത്തരമൊരു തീരുമാനം സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുമോ എന്നതാണ് കണ്ടറിയേണ്ടത്.
അന്വേഷണത്തിന്റെ ഭാഗമായി വിജിലന്‍സില്‍ നിന്നുംമാറ്റി നിര്‍ത്തപ്പെടുന്ന ഉദ്യോഗസ്ഥനെ സംസ്ഥാന പൊലീസ് മേധാവിയാക്കുന്നതിന്റെ യുക്തിയും ചോദ്യം ചെയ്യപ്പെട്ടേക്കും.
മറ്റൊരു സാധ്യത സെന്‍കുമാറിനെ പോലെ അപ്രസക്തമായ പദവിയിലേക്ക് ജേക്കബ് തോമസിനെ മാറ്റി മറ്റൊരു ഡി ജി പി യെ വിജിലന്‍സ് ഡയറക്ടറാക്കുക എന്നതാണ്.
ഇപ്പോള്‍ ഡല്‍ഹിയില്‍ ഡെപ്യൂട്ടേഷനിലുള്ള കേരള കേഡര്‍ ഐ പി എസ് ഉദ്യോഗസ്ഥന്‍ അരുണ്‍കമാര്‍ സിന്‍ഹയാണ് സ്വാഭാവികമായും സീനിയോററ്റി പ്രകാരം ഈ ഘട്ടത്തില്‍ പരിഗണിക്കപ്പെടേണ്ടത്.
എന്നാല്‍ പ്രധാനമന്ത്രിയടക്കമുള്ള വിവിഐപികളുടെ സുരക്ഷാ ചുമതലയുള്ള സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്റെ തലവാനായ അരുണ്‍കുമാര്‍ സിന്‍ഹ ഡെപ്യൂട്ടേഷന്‍ റദ്ദാക്കി വരുമെന്നതിന്റെ യാതൊരു സൂചനകളും ഇപ്പോഴില്ല.
ഇനി അദ്ദേഹം വരികയാണെങ്കില്‍ തന്നെ ബി ജെ പി ബന്ധം ആരോപിച്ച് സിപിഎം ല്‍ തന്നെ എതിര്‍പ്പുയരാനും സാധ്യതയുണ്ട്.
അങ്ങനെയാണെങ്കില്‍ ഫയര്‍ ഫോഴ്‌സ് മേധാവിയായ ഹേമചന്ദ്രനാണ് അടുത്തതായി പരിഗണിക്കപ്പെടേണ്ടത്. യു ഡി എഫ് സര്‍ക്കാറിന്റെ കാലത്ത് സംസ്ഥാന ഇന്റലിജന്‍സ് മേധാവിയായിരുന്നു എന്ന കാരണത്താല്‍ തെറിക്കപ്പെട്ട ഉദ്യോഗസ്ഥനാണ് ഹേമചന്ദ്രന്‍. മാത്രമല്ല ഇദ്ദേഹം ഉള്‍പ്പെടെ യു ഡി എഫ് സര്‍ക്കാര്‍ ഡി ജി പിമാരായി ക്രമം വിട്ട് ഉദ്യോഗകയറ്റം നല്‍കിയ ഉദ്യോഗസ്ഥരെ തരം താഴ്ത്താനും പിണറായി സര്‍ക്കാര്‍ തുനിഞ്ഞിരുന്നു. ഒടുവില്‍ ഉദ്യോഗസ്ഥരുടെ അഭ്യര്‍ത്ഥന മാനിച്ച് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനടക്കമുള്ള നേതാക്കള്‍ ഇടപെട്ടാണ് മുഖ്യമന്ത്രിയെ അനുനയിപ്പിച്ചിരുന്നത്.
ഹേമചന്ദ്രനൊപ്പം ഡി ജി പി സ്ഥാനതെത്തിയ മുഹമ്മദ് യാസിനാണ് പിന്നെ സര്‍ക്കാറിന് മുന്നിലുള്ള മറ്റൊരു സാധ്യത. നിലവില്‍ സംസ്ഥാന ഇന്റലിജന്‍സ് മേധാവിയായ യാസിനെ വിജിലന്‍സ് ഡയറക്ടറാക്കിയാലും കേന്ദ്ര സര്‍ക്കാറിന്റെ അനുമതി ആവശ്യമാണ്.ജൂനിയറായ യാസിനെ സീനിയോറ്റി മറികടന്ന് നിയമിച്ചാല്‍ കേന്ദ്രം ഉടക്കാനാണ് സാധ്യത.
കേഡര്‍ തസ്തികകള്‍ വര്‍ദ്ധിപ്പിക്കണമെന്ന സംസ്ഥാന സര്‍ക്കാറിന്റെ ആവശ്യം കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തന്നെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പരിഗണനയിലുണ്ടെങ്കിലും ഇതുവരെ അനുകൂല തീരുമാനമുണ്ടായിട്ടുമില്ല. ഇനിയൊട്ട് സാധ്യതയുമില്ല.
ഇത്തരമൊരു സാഹചര്യം നിലനില്‍ക്കെ നല്ലൊരു ‘കുരുക്ക് ‘ സര്‍ക്കാരിന് കൂടി ഇട്ട് കൊടുത്താണ് ചീഫ് സെക്രട്ടറി വിജയാനന്ത് ജേക്കബ് തോമസിനെ തല്‍സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ശുപാര്‍ശ ഇപ്പോള്‍ നല്‍കിയിരിക്കുന്നത്.
ജേക്കബ് തോമസിനെതിരെ പരാതി പറയാന്‍ വന്ന ചീഫ് സെക്രട്ടറി വിജയാനന്ദ്, ടോം ജോസ്, കെ എം എബ്രഹാം ഉള്‍പ്പെടെയുള്ള ഐഎഎസ് പ്രതിനിധി സംഘത്തെ മുഖ്യമന്ത്രി ‘ഓടിച്ച് ‘വിട്ടതിന്റെ ‘പക’ കൂടി ഇപ്പോഴത്തെ നീക്കങ്ങള്‍ക്ക് പിന്നിലുണ്ടെന്ന ആരോപണവും ശക്തമാണ്.
നേരത്തെ വിജിലന്‍സ് അന്വേഷണത്തിന് വിധേയനായ ധനകാര്യ വകുപ്പ് സെക്രട്ടി കെ എം എബ്രഹാം തന്നെയാണ് ജേക്കബ് തോമസിനെതിരായ റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറിക്ക് മുന്‍പാകെ സമര്‍പ്പിച്ചിരുന്നത്. ഇക്കാര്യം പരിഗണിച്ചുകൊണ്ടുകൂടിയാണ് വിഷയത്തിന്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്.