ജൊഹന്നാസ്ബര്‍ഗ്: അഴിമതിയാരോപണ വിധേയനായ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമ രാജിവച്ചു. 48 മണിക്കൂറിനകം രാജിവയ്ക്കണമെന്നു ഭരണകക്ഷിയായ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ (എഎന്‍സി) അന്ത്യശാസനത്തെ തുടര്‍ന്നാണ് രാജി തീരുമാനം. സുമയ്ക്ക് എതിരേയുള്ള അവിശ്വാസ പ്രമേയം പാര്‍ലമെന്റ് ഇന്നു ചര്‍ച്ചയ്‌ക്കെടുക്കാനിരിക്കുകയായിരുന്നു.
എഎന്‍സിക്കു വന്‍ ഭൂരിപക്ഷമുള്ള സാഹചര്യത്തില്‍ പ്രമേയം പാസാക്കുക ബുദ്ധിമുട്ടുള്ള കാര്യമല്ലായിരുന്നു. സിറില്‍ റാമഫോസയെ സുമയ്ക്കു പകരം പ്രസിഡന്റായി തെരഞ്ഞെടുക്കുമെന്നും എഎന്‍സി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. പാര്‍ട്ടി കടുത്ത നിലപാട് വ്യക്തമാക്കിയതോടെയാണ് നില പരുങ്ങലിലായ സുമ രാജി സമര്‍പ്പിച്ചത്.
അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് ജേക്കബ് സുമയുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന ഇന്ത്യന്‍ വംശജരായ ഗുപ്തമാരുടെ വസതിയില്‍ ബുധനാഴ്ച പോലീസ് റെയ്ഡ് നടത്തിയിരുന്നു. ഏഴോളം പേരേ അറസ്റ്റു ചെയ്‌തെന്നും രണ്ടു പേര്‍ വൈകാതെ കീഴടങ്ങുമെന്നും സ്‌പെഷല്‍ പോലീസ് വിഭാഗം അറിയിച്ചു. ഗുപ്ത സഹോദരങ്ങള്‍ പ്രസിഡന്റിന്റെ കാബിനറ്റ് നിയമനങ്ങളില്‍ പോലും സ്വാധീനം ചെലുത്തിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം സുമയും ഗുപ്തമാരും അഴിമതിയാരോപണം നിഷേധിച്ചിട്ടുണ്ട്.