ഇരകള്‍ക്കൊപ്പമെന്ന് ; കന്യാസ്ത്രീക്ക് പിന്തുണയുമായി യാക്കോബായ നിരണം ഭദ്രസനാധിപന്‍

തിരുവല്ല: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീക്ക് പിന്തുണയുമായി യാക്കോബായ നിരണം ഭദ്രസനാധിപന്‍. രാഷ്ട്രീയത്തിലായാലും സഭയിലായാലും ഇരകള്‍ക്കൊപ്പമെന്ന് ഗീവര്‍ഗീസ് മാര്‍ കൂറിലോസ് ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.

അതേസമയം, ജലന്ധര്‍ ബിഷപ്പിനെതിരായ കന്യാസ്ത്രീകളുടെ ബലാത്സംഗ പരാതി മിഷണറീസ് ഓഫ് ജീസസ് തള്ളി.

കന്യാസ്ത്രീയുടെ ആരോപണം വാസ്തവ വിരുദ്ധമാണെന്ന് സഭ പറഞ്ഞു. സമരത്തെ അപലപിക്കുന്നുവെന്നും സഭ വ്യക്തമാക്കി. സമരം ചെയ്ത കന്യാസ്ത്രീകള്‍ കുറുവിലങ്ങാട് കഴിയേണ്ടവരല്ലെന്നും സഭ പറഞ്ഞു. സമരത്തിന് പിന്നില്‍ ആരെന്ന് അന്വേഷിക്കണം. ആരോപണം ബാഹ്യശക്തികളുടെ പ്രരണയാലാണെന്നും സഭ വ്യക്തമാക്കി.

ബിഷപ്പിനെതിരായ പരാതിയില്‍ ഹൈക്കോടതി പൊലീസിനെതിരെ രംഗത്തെത്തിയിരുന്നു. ഇരയുടെ സംരക്ഷണം എന്തുകൊണ്ട് ഉറപ്പാക്കുന്നില്ലെന്ന് കോടതി ചോദിച്ചു. കന്യാസ്ത്രീക്ക് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജിയിലാണ് ഹൈക്കോടതി തീരുമാനം അറിയിച്ചത്.

കന്യാസ്ത്രീകളുടെ സംരക്ഷണത്തിനായി പൊലീസ് എന്ത് ചെയ്‌തെന്നും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടി അറിയിക്കണമെന്നും കോടതി വ്യക്തമാക്കി. കേസ് വീണ്ടും വ്യാഴാഴ്ച പരിഗണിക്കും. നിയമം എല്ലാത്തിനും മീതെയാണെന്നും കോടതി വ്യക്തമാക്കി.

Top