ശക്തമായ സമരങ്ങൾക്ക് ഒരുങ്ങി യാക്കോബായ സഭ

കൊച്ചി : പളളി തർക്ക വിഷയത്തിൽ സമരം ശക്തമാക്കി യാക്കോബായ സഭ. കോടതി വിധി പ്രകാരം ഓർത്തഡോക്‌സ് സഭയ്ക്ക് കൈമാറിയ 52 പള്ളികളിൽ ഇന്ന് തിരികെ പ്രവേശിക്കുമെന്നാണ് പ്രഖ്യാപനം. അതേസമയം, സുപ്രിംകോടതി വിധിയുടെ ലംഘനമുണ്ടായാൽ നിയമപരമായി നേരിടുമെന്നാണ് ഓർത്തഡോക്‌സ് സഭയുടെ നിലപാട്.സഭാ തർക്കത്തിൽ നീതി ഉറപ്പാക്കാൻ നിയമനിർമാണം വേണമെന്ന നിലപാട് യാക്കോബായ സഭ ആവർത്തിക്കുകയാണ്. കോടതി വിധി പ്രകാരം ഓർത്തഡോക്‌സ് വിഭാഗത്തിന് കൈമാറിയ 52 പള്ളികൾക്ക് മുൻപിൽ യാക്കോബായ സഭ സമരം ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഈ പള്ളികളിൽ ഇന്ന് പ്രാർത്ഥന നടത്താനായി തിരികെ പ്രവേശിക്കുമെന്ന പ്രഖ്യാപനം.

ചൊവ്വാഴ്ച മുതൽ തിരുവനന്തപുരം വരെ നീളുന്ന അവകാശ സംരക്ഷണ റാലി ആരംഭിക്കാനും സഭ തീരുമാനിച്ചിട്ടുണ്ട്. പ്രശ്‌ന പരിഹാരമുണ്ടാക്കാൻ നടപടിയില്ലെങ്കിൽ സെക്രട്ടേറിയറ്റിന് മുന്നിൽ റിലേ സത്യാഗ്രഹം ആരംഭിക്കുമെന്നും യാക്കോബായ സഭ നേതൃത്വം വ്യക്തമാക്കി. ചർച്ച് ആക്ടിന് സമാനമായ ഓർഡിനൻസ് താൽകാലിക പരിഹാര നിർദേശമായി സർക്കാരിന് മുന്നിലുണ്ട്. വിശ്വാസികൾ പള്ളികളിൽ പ്രവേശിക്കുന്നതിന് തടസമില്ലെന്നും എന്നാൽ സുപ്രിംകോടതി വിധിയുടെ ലംഘനത്തിന് ശ്രമമുണ്ടായാൽ നിയമപരമായി നേരിടുമെന്നും ഓർത്തഡോക്‌സ് സഭ വ്യക്തമാക്കിയിട്ടുണ്ട്.

Top