പള്ളികളിലേക്ക് പ്രവേശിക്കാനെത്തി യാക്കോബായ വിഭാഗം; പോലീസ് തടഞ്ഞു

കൊച്ചി: സുപ്രീംകോടതി ഉത്തരവ് പ്രകാരം ഓർത്ത‍ഡോക്സ് വിഭാഗത്തിന് കൈമാറിയ 52 പളളികളിൽ പ്രവേശിക്കാനെത്തി യാക്കോബായ വിശ്വാസികൾ. മുളന്തുരുത്തി, കട്ടച്ചിറ, മാന്നമം​ഗലം പള്ളികളിൽ ആരാധനയ്ക്കായി എത്തിയ യാക്കോബായ വിശ്വാസികളെ പോലീസ് തടഞ്ഞു. തുടർന്ന് പള്ളികൾക്ക് മുമ്പിൽ നിലയുറപ്പിച്ച വിശ്വാസികൾ പ്രാർത്ഥന നടത്തി പ്രതിഷേധിക്കുകയാണ്.അതേസമയം പ്രതിഷേധിക്കാനാണു യാക്കോബായ സഭയുടെ തീരുമാനമെങ്കിൽ നിയമപരമായി നേരിടുമെന്ന് ഓർത്തഡോക്സ് സഭ അറിയിച്ചു.

സുപ്രീംകോടതി വിധിപ്രകാരം ജില്ലാ ഭരണകൂടങ്ങൾ യാക്കോബായ വിഭാ​ഗത്തിൽ നിന്ന് പള്ളികളെ ഏറ്റെടുത്ത് ഓർത്തഡോക്സ് വിഭാ​ഗത്തിന് കൈമാറിയത്തിൽ പ്രതിഷേധിച്ച് ഇന്ന് പള്ളികളിൽ തിരികെയെത്തി അധികാരം സ്ഥാപിക്കുമെന്നു യാക്കോബായ വിശ്വാസികൾ മുൻകൂട്ടി അറിയിച്ചിരുന്നു. ആരാധനക്കെത്തുന്നവരെ തടയില്ലെന്നും എന്നാൽ, ആരാധനാലയങ്ങളിൽ സമരം ചെയ്യാൻ അനുവദിക്കില്ലെന്നും ഓർത്തഡോക്സ് നേതൃത്വവും പ്രഖ്യാപിച്ചിരുന്നു. വൈദികരുടെ നേതൃത്വത്തിൽ പ്രാർഥന നടത്താൻ അനുവദിക്കണമെന്നാണ്​ യാക്കോബായ വിശ്വാസികൾ ആവശ്യപ്പെടുന്നത്.

Top