കോലഞ്ചേരി പള്ളിക്ക് പുറത്ത് പ്രാര്‍ഥനാ ഉപവാസവുമായി യാക്കോബായ വെെദികര്‍

കൊച്ചി : കോലഞ്ചേരി പഴന്തോട്ടം സെൻറ് മേരീസ് പള്ളിയിലെ ഓര്‍ത്തഡോക്സ്-യാക്കോബായ തര്‍ക്കത്തിന് പരിഹാരമായില്ല. യാക്കോബായ മെത്രാപൊലീത്ത പളളിക്ക് പുറത്ത് ഉപവാസം തുടരുകയാണ്.

അങ്കമാലി ഭദ്രാസന മെത്രാപൊലീത്ത ബസേലിയോസ് തോമസ് പ്രഥമന്‍ കത്തോലിക്ക ബാവയാണ് പളളിയുടെ ഗേറ്റിന് മുന്നില്‍ പ്രാര്‍ഥനാ ഉപവാസം നടത്തുന്നത്.

യാക്കോബായാ പക്ഷത്തിന്റെ നിയന്ത്രണത്തിലുള്ള പള്ളിയായിരുന്നു പഴന്തോട്ടം സെൻറ് മേരീസ്. എന്നാല്‍ കോടതി വിധിയുടെ അടിസ്ഥാനത്തിൽ രാവിലെ ഓര്‍ത്തഡോക്സ് വിഭാഗം പള്ളിയില്‍ കയറുകയായിരുന്നു.

ഫാ.മത്തായി ഇടയനാലിന്റെ നേതൃത്വത്തിൽ ഇരുപതോളം വിശ്വാസികളാണ് രാവിലെ പള്ളിയിൽ കയറി ആരാധന നടത്തിയത്. ഇതിനിടെ യാക്കോബായ വിഭാഗത്തിൽപ്പെട്ട വ്യക്തിയുടെ സംസ്കാരം പള്ളിയിൽ നടത്തണമെന്ന ആവശ്യം ഉയർന്നു. ഇതോടെയാണ് ഇരു വിഭാഗവും തമ്മിൽ തർക്കം ആരംഭിച്ചത്.

തുടര്‍ന്ന് കലക്ടറുടെ അധ്യക്ഷതയില്‍ നടത്തിയ ചര്‍ച്ചയില്‍ മൃതദേഹം പളളിയില്‍ സംസ്കരിക്കാന്‍ ധാരണയായി. എന്നാല്‍ യാക്കോബായ വൈദികര്‍ പളളിക്കകത്ത് കയറരുതെന്നും പളളിക്ക് പുറത്ത് വെച്ച് ശുശ്രൂഷകള്‍ നടത്തണമെന്നുമായിരുന്നു തീരുമാനം. ഇതോടെ യാക്കോബായ വൈദികര്‍ പളളിക്ക് പുറത്ത് നിന്ന് മരണ ശുശ്രൂഷകള്‍ നടത്തി.

സംസ്കാരത്തിന് മരിച്ചയാളുടെ ബന്ധുക്കളെ മാത്രമേ അകത്ത് കയറ്റിയുളളു. ഇതില്‍ പ്രതിഷേധിച്ചാണ് പളളി ഗേറ്റിന് മുന്നില്‍ പ്രാര്‍ഥനാ ഉപവാസം നടത്തുന്നത്. അതേസമയം പളളിയുടെ അധികാരം തങ്ങള്‍ക്കാണെന്നും അനുരഞ്ജന ചര്‍ച്ചക്കുപോലും ഇനി അടിസ്ഥാനമില്ലെന്നും ഓര്‍ത്തഡോക്സ് വിഭാഗം വ്യക്തമാക്കി.

Top