ബംഗാളില്‍ സ്റ്റുഡന്റ്‌സ് കൗണ്‍സിലുമായി മമത സര്‍ക്കാര്‍ മുന്നോട്ട്. ജാദവ്പൂര്‍ യൂണിവേഴ്‌സിറ്റിയിലെ എസ്.എഫ്.ഐ വിജയത്തോടെയാണ് ഈ നീക്കം കൂടുതല്‍ ശക്തമാക്കിയിരിക്കുന്നത്.
കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പിന് പകരമാണ് സ്റ്റുഡന്റ്‌സ് കൗണ്‍സില്‍. ഇവിടെ വിദ്യാര്‍ത്ഥികള്‍ക്ക് പകരം പ്രിന്‍സിപ്പലും അദ്ധ്യാപകരുമാണ് യൂണിയന്‍ ഭാരവാഹികളെ തിരഞ്ഞെടുക്കുക.എയ്ഡഡ് സ്ഥാപനങ്ങളാണെങ്കില്‍ മാനേജ് മെന്റിനും റോളുണ്ടാകും. മമത സര്‍ക്കാറിന്റെ തല തിരിഞ്ഞ ഈ നിലപാടിനെതിരെ വിദ്യാര്‍ത്ഥികള്‍ നിലവില്‍ ബംഗാളില്‍ പ്രക്ഷോഭത്തിലാണ്.
എന്നാല്‍ ഇതൊന്നും മുഖവിലക്കെടുക്കാതെ സ്റ്റുഡന്റ് കൗണ്‍സിലുമായാണ് മമത ഭരണകൂടം മുന്നോട്ട് പോകുന്നത്. ഭൂരിപക്ഷ ക്യാമ്പസുകളിലും ഇതിനകം തന്നെ സ്റ്റുഡന്റ്‌സ് കൗണ്‍സില്‍ രൂപീകരിച്ച് കഴിഞ്ഞിട്ടുണ്ട്. അവശേഷിക്കുന്ന സ്ഥലങ്ങളിലേക്കും ഈ സംവിധാനം വ്യാപിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
രാജ്യത്തെ തന്നെ പ്രസിദ്ധമായ കൊല്‍ക്കത്ത പ്രസിഡന്‍സി യൂണിവേഴ്‌സിറ്റിയില്‍ അടുത്തയിടെ തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ എസ്.എഫ്.ഐയാണ് വിജയിച്ചിരുന്നത്. ഇപ്പോള്‍ നടന്ന ജാദവ്പൂര്‍ യൂണിവേഴ്‌സിറ്റിയിലും ശക്തമായ തിരിച്ചുവരവാണ് എസ്.എഫ്.ഐ നടത്തിയിരിക്കുന്നത്.
ആര്‍ട്‌സ് വിഭാഗത്തില്‍ ചെയര്‍മാന്‍, ജനറല്‍ സെക്രട്ടറി, രണ്ട് അസിസ്റ്റന്റ് ജനറല്‍ സെക്രട്ടറി എന്നീ പൊതു സീറ്റുകള്‍ വന്‍ ഭൂരിപക്ഷത്തിലാണ് എസ്എഫ്‌ഐ സ്വന്തമാക്കിയിരിക്കുന്നത്.
എന്‍ജിനീയറിങ്, സയന്‍സ് വിഭാഗങ്ങളില്‍ ഇടതു വിദ്യാര്‍ത്ഥി സംഘടനകളായ ഡെമോക്രാറ്റിക് സ്റ്റുഡന്‍സ് ഫ്രണ്ട്, വീ ദി ഇന്‍ഡിപെന്‍ഡന്റ് എന്നീ സംഘടനകളും വിജയിച്ചിട്ടുണ്ട്. രണ്ടിടത്തും എബിവിപിക്കും തൃണമൂല്‍ ഛത്രപരിഷത്തിനും വലിയ തോല്‍വിയാണ് ഏറ്റുവാങ്ങേണ്ടിവന്നിരിക്കുന്നത്. കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എന്‍.എസ്.യു.ഐ വാഷ് ഔട്ടായ തെരഞ്ഞെടുപ്പ് കൂടിയായിരുന്നു ഇത്.
മൂന്നുവര്‍ഷത്തിന് ശേഷമാണ് ജാവദ്പൂരില്‍ യൂണിയന്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ആര്‍ട്‌സ് വിഭാഗം ചെയര്‍മാന്‍ സ്ഥാനത്തേക്ക് എസ്എഫ്‌ഐയുടെ തീര്‍ണാ ഭട്ടാചാര്യ 1179 വോട്ടിന്റെ ഭൂരിപക്ഷമാണ് നേടിയിരിക്കുന്നത്. ജനറല്‍ സെക്രട്ടറിയായി സുബായ ആചാര്യ മജുംദാറും, ഡേ വിഭാഗം അസിസ്റ്റന്റ് ജനറല്‍ സെക്രട്ടറിയായി ശ്രേയശ്രീ ഭട്ടാചാര്യയും ഈവനിങ് വിഭാഗം അസിസ്റ്റന്റ് ജനറല്‍ സെക്രട്ടറിയായി ശ്യല്‍മലി ഭട്ടാചാര്യയുമാണ് വിജയിച്ചിരിക്കുന്നത്.
ഇനി തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കൊല്‍ക്കത്ത യൂണിവേഴ്‌സിറ്റിയിലും ചുവപ്പ് മേധാവിത്വം തൃണമൂല്‍ കോണ്‍ഗ്രസ്സ് ഭയക്കുന്നുണ്ട്.
ഈ സാഹചര്യത്തില്‍ കൊല്‍ക്കത്ത യൂണിവേഴ്‌സിറ്റിയില്‍ തിരഞ്ഞെടുപ്പ് നടത്തേണ്ടന്നാണ് തീരുമാനം.
ബംഗാള്‍ മൃഗീയ ഭൂരിപക്ഷത്തിന് ഭരിക്കുന്ന തൃണമൂലിന്റെ വിദ്യാര്‍ത്ഥി സംഘടനക്ക് കാമ്പസുകളില്‍ വലിയ സ്വാധീനമുണ്ടാക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.
ഛത്രപരിക്ഷത്ത് എന്ന ഈ സംഘടന തൃണമൂലിന്റെ വാലായാണ് കാമ്പസുകളില്‍ പ്രവര്‍ത്തിക്കുന്നത്.
ജനാധിപത്യ രീതിയില്‍ ബംഗാളിലെ കാമ്പസുകളില്‍ തിരഞ്ഞെടുപ്പ് നടന്നാല്‍ വിജയ സാധ്യത ഇപ്പോഴും എസ്.എഫ്.ഐക്കാണ്.
ഈ യാഥാര്‍ത്ഥ്യം അറിയുന്നതു കൊണ്ടാണ് സ്റ്റുഡന്റ് കൗണ്‍സില്‍ സംവിധാനം തൃണമൂല്‍ സര്‍ക്കാര്‍ വ്യാപകമാക്കിയിരിക്കുന്നത്.
അതേസമയം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബംഗാളില്‍ എസ്.എഫ്.ഐ മുന്നേറ്റം ഇടതുപക്ഷത്തെ സംബന്ധിച്ച് പ്രതീക്ഷകള്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
പുതുതലമുറ ചുവപ്പിന് അനുകൂലമായാണ് ചിന്തിക്കുന്നതെന്നാണ് സി.പി.എം നേതൃത്വം ചൂണ്ടിക്കാട്ടുന്നത്.
സി.എ.എ വിഷയത്തില്‍ മമതയുടേത് തട്ടിപ്പ് നിലപാടാണെന്നും സി.പി.എം നേതൃത്വം ആരോപിക്കുന്നു.
കേരള മുഖ്യമന്ത്രി കത്തയക്കേണ്ടി വന്നു നിയമസഭയില്‍ മമതക്ക് പ്രമേയം അവതരിപ്പിക്കാനെന്ന പരിഹാസവും സി.പി.എം ഉയര്‍ത്തുന്നുണ്ട്.
ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി വ്യാപക പ്രചരണമാണ് ഇടതുസംഘടനകള്‍ ബംഗാളില്‍ നടത്തുന്നത്. മമതയെ സംബന്ധിച്ച് പ്രതിരോധത്തിലാക്കുന്ന പ്രചരണമാണിത്. ന്യൂനപക്ഷ വോട്ടുകള്‍ ഇടതുപക്ഷത്തേക്ക് തിരിച്ചു പോകുമോ എന്ന ഭയം തൃണമൂല്‍ നേതാക്കളിലും ശക്തമാണ്.
ഈ സാഹചര്യത്തില്‍ ഇടതുപക്ഷത്തിന് കരുത്ത് കൂടുന്ന സാഹചര്യം ഉണ്ടാകരുതെന്നാണ് മമത ആഗ്രഹിക്കുന്നത്.
കൊല്‍ക്കത്ത യൂണിവേഴ്‌സിറ്റിയില്‍ തിരഞ്ഞെടുപ്പ് നടന്നാല്‍ ഇത്തവണ എസ്.എഫ്.ഐ പിടിച്ചെടുക്കുമെന്ന ആശങ്കയും തൃണമൂലിനുണ്ട്. എസ്.എഫ്.ഐ വിജയം സി.പി.എമ്മിന് ഊര്‍ജമാകുമെന്നതിനാല്‍ തെരഞ്ഞെടുപ്പ് ഒഴിവാക്കാനാണ് അണിയറയില്‍ നീക്കം നടക്കുന്നത്.
Political Reporter