ജഡേജ ഫിറ്റാണ്; ഓസിസിനെതിരെ മൂന്നാം ടെസ്റ്റിന് ജഡേജയെ ഇറക്കാമെന്ന് ബിസിസിഐ

മെല്‍ബണ്‍: ബുധനാഴ്ച മെല്‍ബണില്‍ ആരംഭിക്കുന്ന ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിന് ടീം ഇന്ത്യക്കു പ്രതീക്ഷയേകി ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ ഫിറ്റ്‌നസ് വീണ്ടെടുത്തു. അടുത്ത ടെസ്റ്റില്‍ കളിക്കാന്‍ ജഡേജ പൂര്‍ണ ഫിറ്റാണെന്ന് ബിസിസിഐ അറിയിക്കുകയായിരുന്നു.

പരമ്പരയിലെ ആദ്യ രണ്ടു ടെസ്റ്റുകളിലും താരം ഇന്ത്യക്കായി കളിച്ചിരുന്നില്ല. പരിക്ക് മൂലം ആര്‍ അശ്വിന്‍ അടുത്ത ടെസ്റ്റില്‍ കളിക്കുമോയെന്ന കാര്യം സംശയത്തില്‍ നില്‍ക്കെ ജഡേഡ ഫിറ്റ്‌നസ് വീണ്ടെടുത്തത് ഇന്ത്യക്കു ആശ്വാസമാവും എന്നാണ് പ്രതീക്ഷ.

സിഡ്‌നിയില്‍ ടെസ്റ്റ് പരമ്പരയ്ക്കു മുന്നോടിയായി നടന്ന പരിശീലന മല്‍സരത്തിനിടെയാണ് ഇടതു തോളിലെ പരിക്കിനെക്കുറിച്ച് ജഡേജ സൂചന നല്‍കിയത്. അതിനു മുമ്പ് വെസ്റ്റ് ഇന്‍ഡീസിനെതിരേ നാട്ടില്‍ നടന്ന ഏകദിന പരമ്പരയ്ക്കിടെയും താരത്തിന്റെ തോളിന് ചില അസ്വസ്ഥതകളുണ്ടായിരുന്നു. ഇതേ തുടര്‍ന്നു ജഡേജ നവംബര്‍ രണ്ടിന് മുംബൈയില്‍ വച്ച് കുത്തിവയ്‌പ്പെടുക്കുകയും ചെയ്തിരുന്നു. ഇതിനു ശേഷമാണ് ഓസീസ് പര്യടനത്തിനുള്ള ടീമില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തിയത്. എന്നാല്‍ ഓസീസ് ഇലവനെതിരായ സന്നാഹ മല്‍സരത്തിനിടെ പരിക്ക് ജഡേജയെ വീണ്ടും വേട്ടയാടുകയായിരുന്നു.

Top