ചൈനീസ് ഇകൊമേഴ്‌സ് കമ്പനിയായ ആലിബാബ ഗ്രൂപ്പിന്റെ സ്ഥാപകനും എക്‌സിക്യൂട്ടീവ് ചെയര്‍മാനുമായ ജാക് മായുടെ ആസ്തിയില്‍ ഒറ്റദിവസം കൊണ്ട് 280 കോടി ഡോളറിന്റെ വളര്‍ച്ച.
ഏഷ്യയിലെ ധനികരുടെ പട്ടികയില്‍ ഒന്നാം സ്ഥാനക്കാരനായ ജാക് മാ ലോക സമ്പന്നരില്‍ പതിനാലാം സ്ഥാനത്താണ്.
ആലിബാബയുടെ വരുമാനവളര്‍ച്ചാ ലക്ഷ്യം ഉയര്‍ത്തിയതോടെ ഓഹരി വില കഴിഞ്ഞ ദിവസം കുതിച്ചുയര്‍ന്നിരുന്നു. ഇതോടെ, അദ്ദേഹത്തിന്റെ ആസ്തിയില്‍ ഒറ്റദിവസം കൊണ്ട് 280 കോടി ഡോളറിന്റെ അതായത് 18,200 കോടി രൂപയുടെ വളര്‍ച്ചയാണ് ഉണ്ടായത്.
ഈ വര്‍ഷം അദ്ദേഹത്തിന്റെ സമ്പത്തില്‍ 850 കോടി ഡോളറിന്റെ വര്‍ധനയാണ് ഉണ്ടായത്. ഇതോടെ, 4,180 കോടി ഡോളറില്‍ (ഏതാണ്ട് 2.71 ലക്ഷം കോടി രൂപ) എത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ ആസ്തി മൂല്യം.
ഈ സാമ്പത്തികവര്‍ഷം കമ്പനിക്ക് 45-49 ശതമാനം വരുമാന വര്‍ധനയുണ്ടാകുമെന്ന അനുമാനം പുറത്തുവന്നതോടെ ആലിബാബയുടെ ഓഹരി വില 13 ശതമാനം ഉയര്‍ന്ന് റെക്കോഡ് ഉയരത്തിലെത്തിയതാണ് ജാക് മായുടെ ആസ്തി ഉയരാന്‍ ഇടയാക്കിയത്.