‘ബിജെപി വിട്ടത് മുഖ്യമന്ത്രി പദവിയുടെ പേരിലല്ല, മുറിവേറ്റത് ആത്മാഭിമാനത്തിന്’; ജഗദീഷ് ഷെട്ടർ

ബെം​ഗളൂരു: സീറ്റ് നൽകാതെ തഴഞ്ഞതുകൊണ്ടോ മുഖ്യമന്ത്രി പദവിയുടെയോ പേരിലല്ല ബിജെപി വിട്ടതെന്ന് ജഗദീഷ് ഷെട്ടർ. ബിജെപി തന്നെ അപമാനിച്ചാണ് ഇറക്കി വിട്ടതെന്ന് ഷെട്ടർ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടാണ് പ്രതികരണം. പത്രികാ സമർപ്പണത്തിന് ഒരു ദിവസം മുമ്പ് കർണാടകയുടെ ചുമതലയുള്ള കേന്ദ്രമന്ത്രി ധർമേന്ദ്രപ്രധാൻ വിളിച്ചു സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന് കത്തെഴുതിത്തരാൻ പറഞ്ഞു. വേണമെങ്കിൽ മാതൃക അയക്കാം, അതിൽ ഒപ്പിട്ട് തരണമെന്നാണ് പറഞ്ഞത്. വളരെ മോശം പെരുമാറ്റമാണ് നേരിട്ടതെന്നും മുതിർന്ന നേതാക്കളെ കൈകാര്യം ചെയ്യാൻ പ്രധാന് അറിയില്ലെന്നും ഷെട്ടർ പറഞ്ഞു.

മുറിവേറ്റത് തന്റെ ആത്മാഭിമാനത്തിനാണ്. നേരത്തേ മര്യാദയ്ക്ക് പറഞ്ഞെങ്കിൽ താൻ മത്സരത്തിൽ നിന്ന് മാറിയേനേ. ഇവിടെ മുറിവേറ്റത് ആത്മാഭിമാനത്തിനാണ്. എന്നെയും മണ്ഡലത്തിലെ ജനത്തെയും അപമാനിച്ചു. ബിജെപി തോറ്റാൽ കാരണക്കാർ ബി എൽ സന്തോഷും കൂട്ടരുമാണ്. ബി എൽ സന്തോഷ് വ്യക്തിതാൽപര്യങ്ങളുടെ പേരിൽ ബിജെപിയിൽ കാര്യങ്ങൾ തീരുമാനിക്കുകയാണ്. കർണാടക ബിജെപിയിൽ ഉൾപ്പാർട്ടി ജനാധിപത്യമില്ല. കോൺഗ്രസ് മികച്ച ഭൂരിപക്ഷത്തിൽ അധികാരത്തിൽ വരും. ദിവസം തോറും ബിജെപിയുടെ പ്രഭാവം മങ്ങുന്നുവെന്നും കർണാടകയിൽ 140-150 സീറ്റ് വരെ നേടി കോൺഗ്രസ് അധികാരത്തിലെത്തുമെന്നും ഷെട്ടർ കൂട്ടിച്ചേർത്തു.

Top