ഹൈദരാബാദ്: ആന്ധ്രപ്രദേശില്‍ വൈ.എസ് ജഗന്‍മോഹന്‍ റെഡ്ഡി സര്‍ക്കാര്‍ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന് മുന്‍ മുഖ്യമന്ത്രിയും തെലുങ്ക് ദേശം പാര്‍ട്ടി പ്രസിഡന്റുമായ ചന്ദ്രബാബു നായിഡു. വിഷയത്തില്‍ ഉന്നതതല അന്വേഷണത്തിന് കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതിപക്ഷ നേതാക്കള്‍, അഭിഭാഷകര്‍, മാധ്യമപ്രവര്‍ത്തകര്‍, സാമൂഹിക പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരുടെ ഫോണുകള്‍ സര്‍ക്കാര്‍ ചോര്‍ത്തുന്നുവെന്ന് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തില്‍ ആരോപിച്ചു. വിഷയത്തില്‍ സമഗ്ര അന്വേഷണത്തിന് ഉത്തരവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഫോണുകള്‍ ചോര്‍ത്താന്‍ ആന്ധ്രയിലെ ഭരണകക്ഷിയും ചില സ്വകാര്യ വ്യക്തികളും അത്യാധുനിക സാങ്കേതികവിദ്യയും നിയമവിരുദ്ധ സോഫ്റ്റ് വെയറുകളും ഉപയോഗിക്കുന്നുണ്ടെന്നാണ് ചന്ദ്രബാബു നായിഡുവിന്റെ ആരോപണം.
ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19, 21 എന്നിവയുടെ ലംഘനമാണിത്. വൈഎസ്ആര്‍ കോണ്‍ഗ്രസ് അധികാരം സംരക്ഷിക്കാനും ഭിന്നസ്വരങ്ങള്‍ ഇല്ലാതാക്കാനും എതിരാളികളെ ഭീഷണിപ്പെടുത്താനും നിയമവിരുദ്ധമായ മാര്‍ഗങ്ങളാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.