ഹൈദരാബാദ്: ചന്ദ്രബാബുനായിഡു 8 കോടി ചിലവിട്ട് നിര്‍മ്മിച്ച കെട്ടിടം പൊളിച്ചുനീക്കാന്‍ ഉത്തരവിട്ട് ആന്ധ്ര മുഖ്യമന്ത്രി വൈ.എസ്. ജഗന്‍മോഹന്‍ റെഡ്ഡി. ടി.ഡി.പി. നേതാവ് കൂടിയായ നായിഡുവിന്റെ വസതിയോട് ചേര്‍ന്ന് പണികഴിപ്പിച്ച പ്രജാവേദിക എന്ന കെട്ടിടമാണ് ഉടന്‍ പൊളിച്ച് നീക്കണമെന്ന് ജഗന്‍മോഹന്‍ ഉത്തരവിട്ടിരിക്കുന്നത്.
കെട്ടിടം തനിക്ക് ഇത്തവണയും ഉപയോഗിക്കാന്‍ അനുമതി നല്‍കണമെന്ന് നായിഡു മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷ നേതാവിന്റെ അനക്സ് ആയി പ്രജാവേദിക അനുവദിക്കണമെന്നും നിലവില്‍ പ്രതിപക്ഷനേതാവായ അദ്ദേഹം അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ നായിഡുവിന്റെ അഭ്യര്‍ഥനയെല്ലാം തള്ളിക്കൊണ്ടാണ് ജഗന്‍ കെട്ടിടം പൊളിച്ചുനീക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്.
അതേസമയം കെട്ടിടം പൊളിക്കാന്‍ എടുത്ത നടപടി സ്വാഭാവികം മാത്രമാണെന്നും, ഒരു സാധരണക്കാരന്‍ അനുമതിയില്ലാതെ കെട്ടിടം നിര്‍മിച്ചാല്‍ ഉദ്യോഗസ്ഥര്‍ അത് പൊളിച്ചുനീക്കുന്നതാണ് പതിവെന്നും ഈ സര്‍ക്കാര്‍ നിയമങ്ങളെ ബഹുമാനിക്കുന്നവരും അത് പിന്തുടരുന്നവരുമാണെന്നും ജഗന്‍മോഹന്‍ റെഡ്ഡി പറഞ്ഞു.