ഹൈദരാബാദ്: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെതിരേ വീണ്ടും ഭീഷണിയുമായി വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍മോഹന്‍ റെഡ്ഡി.
നായിഡു ചെയ്ത തെറ്റുകള്‍ക്കും വഞ്ചനകള്‍ക്കും പകരമായി തൂക്കിക്കൊല പോലും അധികമാവില്ലെന്നാണ് ജഗന്റെ പുതിയ പ്രസ്താവന.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുമ്പ് നടത്തിയ വിവാദ പരാമര്‍ശത്തിന്റെ പേരില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ജഗന് കഴിഞ്ഞ ദിവസം കാരണം കാണിക്കല്‍ നോട്ടീസ് കൈമാറിയിരുന്നു. ഇത് നിലനില്‍ക്കെയാണ് വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് വീണ്ടും വിവാദ പരാമര്‍ശവുമായി രംഗത്തെത്തിയത്.
ചന്ദ്രബാബു നായിഡു നടുറോഡില്‍ വെടിയേറ്റു കൊല്ലപ്പെട്ടാല്‍ തെറ്റു പറയാന്‍ കഴിയില്ലെന്നായിരുന്നു ജഗന്‍ മുമ്പ് നടത്തിയ പരാമര്‍ശം.
ആന്ധ്രാപ്രദേശിലെ മുഖ്യപ്രതിപക്ഷമാണ് ജഗന്‍മോഹന്‍ റെഡ്ഡി നേതൃത്വം നല്‍കുന്ന വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ്. തന്റെ പിതാവും മുന്‍ മുഖ്യമന്ത്രിയുമായ വൈഎസ്ആര്‍ റെഡ്ഡിക്കു നേര്‍ക്ക് ചന്ദ്രബാബു നായിഡു വധശ്രമം നടത്തിയെന്ന ഗുരുതര ആരോപണം ജഗന്‍ കഴിഞ്ഞദിവസം ഉന്നയിച്ചിരുന്നു.