മലയാളത്തിന്റെ ബഹുമുഖ പ്രതിഭ ജഗതി ശ്രീകുമാറിന് ഇന്ന് സപ്തതി. ഹാസ്യത്തിനു പുറമെ സ്വഭാവനടനായും വില്ലനായുമെല്ലാം അഭ്രപാളിയിൽ നിറഞ്ഞാടിയ മലയാളത്തിന്റെ സ്വന്തം അമ്പിളികലയ്ക്ക് സപ്തതി ആശംസകൾ നേർന്ന് സിനിമയിൽ നിന്ന് നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. മമ്മൂട്ടിയും മോഹൻലാലും ഉൾപ്പെടുന്ന താരങ്ങൾ അടക്കം ഈ ലിസ്റ്റിൽ പെടും. കോവിഡിന്റെ പശ്ചാത്തലത്തിൽ വലിയ ആഘോഷങ്ങൾ ഒഴിവാക്കിയാണ് വീട്ടുകാർ താരത്തിന്റെ സപ്തതി ആഘോഷിക്കുന്നത്. അപകടത്തെ തുടർന്ന് എട്ടു വർഷമായി അഭിനയത്തിൽ നിന്നും മാറി നിൽക്കുകയാണെങ്കിലും ജഗതിയുടെ സിനിമ കാണാത്ത ഒരു ദിവസം പോലും മലയാളികൾക്ക് ഇല്ലെന്ന് പറയേണ്ടി വരും. അപകടത്തിനു ശേഷം അടുത്തിടെ രണ്ടു പരസ്യചിത്രങ്ങളിൽ മാത്രമാണ് ജഗതി വേഷമിട്ടത്. ഈ വർഷം സിനിമയിലേക്കും മടങ്ങിയെത്തുമെന്നും വാർത്തയുണ്ടായിരുന്നു.
ചട്ടമ്പി കല്യാണി എന്ന ചിത്രത്തില്‍ അടൂര്‍ ഭാസിയുടെ ശിങ്കിടി പയ്യന്റെ വേഷത്തിലൂടെയാണ് മലയാള സിനിമയിൽ ജഗതി ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് സ്വാഭാവിക അഭിനയം കൊണ്ടും തന്റെ സ്വതസിദ്ധമായ ശൈലി കൊണ്ടും മലയാള സിനിമ മേഖലയിൽ പകരം വയ്ക്കാനില്ലാത്ത നടനായി മാറുകയായിരുന്നു ജഗതി ശ്രീകുമാർ. പച്ചാളം ഭാസി, ഭഗീരഥൻ പിള്ള, നിശ്ചൽ, അരിശും മൂട്ടിൽ അപ്പുക്കുട്ടൻ, കുമ്പിടി, മൂന്നാം പക്കത്തിലെ കവല എന്നിങ്ങനെ തിരിഞ്ഞു നോക്കുമ്പോൾ ജഗതി അനശ്വരമാക്കിയ കഥാപാത്രങ്ങൾ എത്രയെത്ര…. 1500ഓളം ചിത്രങ്ങളില്‍ വേഷമിട്ട ഒരു അഭിനേതാവ് ഉണ്ടോ എന്ന് പോലും സംശയമാണ്. അഞ്ച് തവണ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ച ഇദ്ദേഹം ഗിന്നസ് റെക്കോര്‍ഡും നേടിയിട്ടുണ്ട്. ഹാസ്യത്തിന്റെ വഴിയേ കുട പിടിച്ച് പലരും മലയാള സിനിമയിലേക്ക് നടന്നു കയറിയെങ്കിലും ജഗതി ശ്രീകുമാർ എന്ന അതുല്യ നടന്റെ തട്ട് താഴ്ന്നു തന്നെ കിടക്കും. അതുകൊണ്ടു തന്നെയാണ് മലയാളികളും അദ്ദേഹത്തിന്റെ തിരിച്ചു വരവിനായി കാത്തിരിക്കുന്നത്.