ഈ ദശാബ്ദത്തോടെ ഇന്ത്യ ലോകത്തിലെ മൂന്നാമത് വലിയ സമ്പദ് വ്യവസ്ഥയാകും: ജഗ്ദീപ് ധന്‍കാര്‍

ചണ്ഡീഗഡ്: ഈ ദശാബ്ദത്തോടെ ഇന്ത്യ ജര്‍മനിയെയും ജപ്പാനെയും മറികടന്ന് ലോകത്തെ വലിയ മൂന്നാമത്തെ സമ്പദ് വ്യവസ്ഥയാകുമെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കാര്‍. പഞ്ചാബ് സര്‍വകലാശാലയില്‍ ഗ്ലോബല്‍ അലുംനി മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ വിവിധ സ്ഥാപനങ്ങളില്‍ നിന്ന് വൈദഗ്ധ്യം നേടിയവര്‍ ഇന്ത്യയിലേക്ക് തന്നെ തിരിച്ചുവരുന്ന കാലം വരുമെന്നതില്‍ തനിക്ക് യാതൊരു സംശയവുമില്ലെന്ന് അദ്ദേഹം പറഞ്ഞു. നമുക്ക് ഐ.ഐ.എമ്മുകളുണ്ട്, ഐ.ഐ.ടികളുണ്ട്, ശാസ്ത്ര സ്ഥാപനങ്ങളുണ്ട്, ഫോറെന്‍സിക്, പെട്രോളിയം മേഖലയില്‍ സ്ഥാപനങ്ങളുണ്ട്. പ്രധാനപ്പെട്ട കോളജുകളുണ്ട്. ഈ സ്ഥാപനങ്ങളില്‍ നിന്ന് പഠിച്ചിറങ്ങിപ്പോയവര്‍ ഒരു പ്ലാറ്റ്‌ഫോമില്‍ ഒന്നുചേരുകയാണെങ്കില്‍ നിര്‍ണായകമായ പുതിയ നയങ്ങള്‍ രൂപീകരിക്കുന്നതില്‍ സഹായകമാകും.

2013 വരെ ഇന്ത്യയെ ദുര്‍ബലമായ സമ്പദ് വ്യവസ്ഥയെന്നായിരുന്നു വിശേഷിപ്പിച്ചിരുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ ഇപ്പോള്‍, യു.കെയെയും ഫ്രാന്‍സിനെയും മറികടന്ന് ലോകത്തെ ഏറ്റവും ശക്തമായ അഞ്ചാമത്തെ സാമ്പത്തിക ശക്തിയാണ് ഇന്ത്യ. ഇനി ജപ്പാനെയും ജര്‍മനിയെയും മറികടന്ന് ഇന്ത്യ മൂന്നാം സ്ഥാനത്തെത്തും -അദ്ദേഹം പറഞ്ഞു.ഇന്ത്യയില്‍ 2022ലെ ഡിജിറ്റല്‍ വിനിമയ നിരക്ക് യു.കെ, ഫ്രാന്‍സ്, യു.എസ്.എ, ജര്‍മനി തുടങ്ങിയ രാജ്യങ്ങളേക്കാള്‍ നാലിരട്ടിയാണെന്നും ഉപരാഷ്ട്രപതി പറഞ്ഞു.

Top