‘തമിഴ്‌നാട്ടിലെ എല്ലാ തിയറ്ററുകളിലും ജയിലര്‍ റിലീസ് ചെയ്യണം’; തിയറ്റര്‍ ഉടമകള്‍ക്ക് കത്ത് നല്‍കി അസോസിയേഷന്‍

ജനികാന്ത് നായകനാവുന്ന ചിത്രമാണ് ജയിലര്‍. നെല്‍സണ്‍ ദിലീപ്കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ ഒരു ജയിലറുടെ വേഷത്തിലാണ് രജനി എത്തുന്നത്. ജാക്കി ഷ്രോഫ്, സുനില്‍, ശിവ രാജ്കുമാര്‍, തമന്ന, രമ്യ കൃഷ്ണന്‍, വസന്ത് രവി, യോഗി ബാബു, റെഡിന്‍ കിംഗ്‌സ്‌ലി തുടങ്ങിയവര്‍ക്കൊപ്പം മോഹന്‍ലാലും ഒരു പ്രധാന വേഷത്തില്‍ എത്തുന്നു. നിലവില്‍ ലഭിച്ചിരിക്കുന്ന വന്‍ ഹൈപ്പ് പരമാവധി ഉപയോഗപ്പെടുത്താനുള്ള ശ്രമങ്ങളിലാണ് തമിഴ്‌നാട്ടിലെ തിയറ്റര്‍ ഉടമകളുടെ സംഘടന.

ഇതിന്റെ ഭാഗമായി തമിഴ്‌നാട്ടിലെ എല്ലാ തിയറ്ററുകളിലും ജയിലര്‍ റിലീസ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു കത്തും തമിഴ്‌നാട് ഫിലിം എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍ തിയറ്റര്‍ ഉടമകള്‍ക്ക് നല്‍കി കഴിഞ്ഞു. ഈ ആവശ്യം തിയറ്റര്‍ ഉടമകള്‍ അംഗീകരിക്കുന്നപക്ഷം വന്‍ സ്‌ക്രീന്‍ കൌണ്ട് ആവും ചിത്രത്തിന് ലഭിക്കുക. നിലവില്‍ പുലര്‍ച്ചെയുള്ള ഫാന്‍സ് ഷോകള്‍ നടത്താന്‍ തമിഴ്‌നാട്ടില്‍ അനുമതിയില്ല. രാവിലെ 9 മണിക്ക് മാത്രമേ ആദ്യ പ്രദര്‍ശനങ്ങള്‍ നടത്താനാവൂ. ഇത് മറികടക്കാനാണ് ഒരു വന്‍ ചിത്രം എത്തുമ്പോള്‍ പരമാവധി വരവേല്‍പ്പിനായി എല്ലാ തിയറ്ററുകളിലും റിലീസ് എന്ന ആശയം സംഘടന മുന്നോട്ട് വച്ചിരിക്കുന്നത്. അങ്ങനെ നടന്നാല്‍ ആദ്യദിന കളക്ഷനെയും അത് വലിയ തോതില്‍ സ്വാധീനിക്കും. ചിത്രം എല്ലാവരും തിയറ്ററുകളില്‍ കാണണമെന്ന് ഓഡിയോ ലോഞ്ചില്‍ രജനി നടത്തിയ അഭ്യര്‍ഥനയും തിയറ്റര്‍ ഉടമകള്‍ക്കിടയില്‍ ആവേശം ഉണ്ടാക്കിയിട്ടുണ്ട്.

ആക്ഷന്‍ കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ജയിലര്‍. രജനിയുടെ കരിയറിലെ 169-ാം ചിത്രവും. രജനികാന്തും മോഹന്‍ലാലും ആദ്യമായി ഒരുമിക്കുകയാണ് ഈ ചിത്രത്തിലൂടെ. മുത്തുവേല്‍ പാണ്ഡ്യന്‍ എന്നാണ് രജനി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. വിനായകനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Top