ദളിത് വിരുദ്ധ അധിക്ഷേപ പരാമർശങ്ങളുമായി ജെയ്ൻ സ‍ർവകലാശാലയിൽ സ്കിറ്റ്; പ്രതിഷേധം

ബെംഗളൂരു: ബെംഗളൂരു ജെയ്ൻ സ‍ർവകലാശാലയിൽ ദളിത് വിരുദ്ധ അധിക്ഷേപ പരാമർശങ്ങളുമായി സ്കിറ്റ് നടത്തിയത് വിവാദമാകുന്നു. കോളേജ് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് (സിഎംഎസ്) വിദ്യാർത്ഥികളാണ് സ്കിറ്റ് അവതരിപ്പിച്ചത്. ഒരു ദളിത് യുവാവ് സവർണ യുവതിയോട് പ്രണയാഭ്യർത്ഥന നടത്തുന്നതിനെക്കുറിച്ചായിരുന്നു സ്കിറ്റ്. സ്കിറ്റിൽ ബി ആർ അംബേദ്‍കറെ ‘ബിയർ അംബേദ്കർ’ എന്ന് വിളിച്ച് അധിക്ഷേപിക്കുന്നുണ്ട്. ദളിത് വിരുദ്ധ അധിക്ഷേപ പരാമർശത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി വിദ്യാർത്ഥികൾ രം​ഗത്തെത്തി.

‘ലിറ്റ്’ (ലഹരിയിൽ) ആകാമെങ്കിൽ എന്തിന് ‘ദളിത്’ ആകണമെന്നും സ്കിറ്റിൽ പരാമർശമുണ്ട്. ഡേറ്റിംഗിന് വന്നപ്പോൾ പോലും ഒരേ പ്ലേറ്റിൽ നിന്ന് ഭക്ഷണം കഴിക്കാൻ യുവതി യുവാവിനെ സമ്മതിച്ചില്ലെന്നും സ്കിറ്റിൽ പരാമർശിക്കുന്നു. സ്കിറ്റിൽ ഇത്ര പെട്ടെന്ന് വന്നതെന്തിന് എന്ന് യുവതി ചോദിച്ചപ്പോൾ, താൻ ‘ഷെഡ്യൂൾഡ് കാസ്റ്റ്’ ആയതുകൊണ്ടാണെന്നാണ് യുവാവ് മറുപടി പറയുന്നത്. എല്ലാം വേഗം കിട്ടുമെന്നതുകൊണ്ടാണ് ഹരിജൻ എന്ന് ഗാന്ധിജി ദളിതരെ വിളിച്ചതെന്നും കോളേജ് സീറ്റ് പോലും സംവരണം ചെയ്യപ്പെട്ടതാണല്ലോ എന്നും സ്കിറ്റിൽ പരിഹാസിക്കുന്നു. കോളേജ് അധികൃതരുടെ അംഗീകാരത്തോടെയാണ് സ്കിറ്റ് അവതരിപ്പിച്ചതെന്ന് വിദ്യാർത്ഥികൾ പറയുന്നു. കോളേജ് ഫെസ്റ്റിനിടെ ‘മാഡ് ആഡ്‍സ്’ എന്ന സെഗ്മെന്റിലാണ് സ്കിറ്റ് അവതരിപ്പിച്ചത്.

Top