മുംബൈ: രാജ്യത്തെ നടുക്കിയ ജയ്പൂർ-മുംബൈ എക്സപ്രസിലെ കൂട്ടക്കൊലയിൽ പ്രതിയായ ആർ പി എഫ് ഉദ്യോഗസ്ഥൻ ചേതൻ സിങ്ങിനെതിരെ മതസ്പർധാ വകുപ്പ് ചുമത്തി. മതവിശ്വാസം വ്രണപ്പെടുത്തിയെന്ന കുറ്റത്തിൽ ഐ പി സി 153 എ വകുപ്പ് കൂടി ചുമത്തിയിട്ടുണ്ട്. പ്രതിയുടെ മാനസികനില ശരിയല്ലെന്ന വാദവും അന്വേഷണസംഘം തള്ളി.
മുതിര്‍ന്ന ഉദ്യോഗസ്ഥനടക്കം നാല് പേരെയാണ് ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ ആര്‍പിഎഫ് കോണ്‍സ്റ്റബിളായ ചേതന്‍ സിംഗ് വെടിവച്ച് കൊലപ്പെടുത്തിയത്. മുംബൈയിലെ പാല്‍ഘര്‍ റെയില്‍വേ സ്റ്റേഷന് സമീപത്ത് വച്ച് ജൂലൈ 31 നായിരുന്നു സംഭവം. കൊലപാതകത്തിന് ശേഷം ചേതന്‍ സിങ് നരേന്ദ്രമോദിയെയും യോഗി ആദിത്യനാഥിനെയും പ്രകീർത്തിച്ച് സംസാരിക്കുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു.
മേലുദ്യോഗസ്ഥനുമായ തർക്കത്തിനെ തുടർന്ന് പ്രതി കൃത്യം നടത്തിയെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ചേതൻ സിംഗ് അടക്കം നാലംഗ റെയിൽവെ പൊലീസ് സംഘമാണ് ജയ്പൂർ മുംബൈ സെൻട്രൽ എക്സ്പ്രസിൽ ഡ്യൂട്ടിക്ക് കയറിയത്. ട്രെയിൻ വൽസാഡ് എത്തിയപ്പോൾ ആരോഗ്യകാരണങ്ങളാൽ വീട്ടിലേക്ക് പോകണമെന്ന് പ്രതി എഎസ്ഐ ടിക്കാറാം മീണയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ കൈവശമുള്ള തോക്ക് ഒപ്പമുള്ള കോൺസ്റ്റബിളിന് കൈമാറിയ ശേഷം ട്രെയിനിൽ തന്നെ ഡ്യൂട്ടി തീരും വരെ വിശ്രമിക്കാൻ ടിക്കാറാം മീണ ആവശ്യപ്പെടുകയായിരുന്നു.
മീണ നിർദ്ദേശിച്ചത് അനുസരിച്ച് 15 മിനിറ്റ് പ്രതി വിശ്രമിച്ചു. ഇതിനിടെ വീട്ടിലേക്ക് വിളിച്ച് ഭാര്യയോട് ക്ഷോഭിച്ചെന്ന് മൊഴിയുണ്ട്. പിന്നാലെ പ്രതി തന്റെ കയ്യിൽ നിന്ന് തോക്ക് ബലമായി പിടിച്ച് വാങ്ങിയെന്നാണ് ഒപ്പമുണ്ടായിരുന്ന കോൺസ്റ്റബിൾ പറഞ്ഞത്. തുടർന്ന് ഈ മിനി എകെ 47 തോക്ക് ഉപയോഗിച്ച് ടീക്കാറാം മീണയടക്കം നാല് പേരെ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു.