ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിവാഹം കഴിക്കണമെന്ന ആവശ്യമുയര്‍ത്തി ജയ്പൂര്‍ സ്വദേശി നടത്തുന്ന നിരാഹാര സമരം ഒരുമാസത്തോളം പിന്നിടുന്നു.
മോദിയെ വിവാഹം കഴിക്കുക എന്ന ആവശ്യവുമായി ജന്തര്‍ മന്ദറിനു മുന്നിലിരിക്കുന്ന ഓം ശാന്തിയെ കുറിച്ചുള്ള വാര്‍ത്ത ഇന്ത്യാ ടുഡേയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സെപ്റ്റംബര്‍ എട്ടുമുതലാണ് ഓം ശാന്തിയുടെ സമരം ആരംഭിച്ചത്.
തന്റെ മാനസികനിലയ്ക്ക് തകരാറൊന്നുമില്ലെന്നും ശാന്തി പറയുന്നു. ‘പ്രധാനമന്ത്രി ഒറ്റയ്ക്കാണ്. അദ്ദേഹത്തിന് ഒരുപാട് ജോലികള്‍ ചെയ്യാനുമുണ്ട്’ പ്രധാനമന്ത്രിയെ വിവാഹം ചെയ്യാനുള്ള കാരണത്തെ കുറിച്ച് ആരാഞ്ഞപ്പോള്‍ ഓം ശാന്തിയുടെ മറുപടി ഇങ്ങനെയാണ്.
‘എനിക്കറിയാം അദ്ദേഹത്തെ കാണാന്‍ ആളുകള്‍ അനുവദിക്കില്ലെന്ന്. എന്നാല്‍ അദ്ദേഹത്തിന് സഹായം ആവശ്യമാണെന്ന കാര്യവും എനിക്കറിയാം. ഇതേക്കുറിച്ച് കേള്‍ക്കുമ്പോള്‍ ആളുകള്‍ ചിരിക്കും; എനിക്കറിയാം. എനിക്ക് മോദിജിയോട് ബഹുമാനമാണ്. മുതിര്‍ന്നവരെ ബഹുമാനിക്കാനും അവരെ ജോലികളില്‍ സഹായിക്കാനും നമ്മുടെ സംസ്‌കാരം ചെറുപ്പം മുതല്‍ തന്നെ പഠിപ്പിക്കുന്നുണ്ട്. എന്നെക്കൊണ്ടാവുന്നത് ഞാന്‍ ചെയ്യാന്‍ ശ്രമിക്കുന്നുവെന്നും ഓം ശാന്തി പറയുന്നു.
വിവാഹമോചിതയാണ് ഓംശാന്തി. ആദ്യവിവാഹത്തില്‍ ഒരു മകളുമുണ്ട്. നല്ല സാമ്പത്തിക സ്ഥിതിയാണ് തന്റേതെന്നും ഇവര്‍ അവകാശപ്പെടുന്നു. ജയ്പുറില്‍ ധാരാളം സ്ഥലവും പണവും സ്വന്തമായുണ്ട്. അവയില്‍ കുറച്ച് വില്‍ക്കാനും മോദിക്കായി സമ്മാനം വാങ്ങാനും ഉദ്ദേശിക്കുന്നതായും ഓം ശാന്തി പറഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
പ്രധാനമന്ത്രി കാണാനെത്തും വരെ ഇവിടെയിരിക്കണമെന്നാണ് ഓംശാന്തിയുടെ ആവശ്യം. എന്നാല്‍ ജന്തര്‍ മന്ദറില്‍നിന്ന് മറ്റൊരിടത്തേക്ക് സമരം മാറ്റണമെന്ന് ദേശീയ ഹരിത ട്രിബ്യൂണലിന്റെ നിര്‍ദേശം ലഭിച്ചതായും ഇത് ആശങ്കയുണ്ടാക്കുന്നുവെന്നും ഓം ശാന്തി കൂട്ടിച്ചേര്‍ത്തു.