ദില്ലി: മണിപ്പൂരില്‍ യുവതികളെ നഗ്‌നരാക്കി നടത്തിക്കുകയും ലൈംഗിക പീഡനത്തിനിരയാക്കുകയും ചെയ്ത സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് പ്രതിപക്ഷം. 1800 മണിക്കൂറിലധികമുള്ള പൊറുക്കാനാകാത്ത നിശബ്ദതയ്ക്ക് ശേഷം പ്രധാനമന്ത്രി മണിപ്പൂരിനെക്കുറിച്ച് 0 സെക്കന്‍ഡ് സംസാരിച്ചെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് വിമര്‍ശിച്ചു. മണിപ്പൂരിലെ ഭരണ പരാജയങ്ങളില്‍ നിന്നും ദുരന്തങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ പ്രധാനമന്ത്രി പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സ്ത്രീകള്‍ക്കെതിരെയാ കുറ്റകൃത്യങ്ങളില്‍ ഊന്നി സംസാരിച്ചു. എംപി, യുപി, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളെ അവഗണിക്കാനു ശ്രദ്ധിച്ചെന്നും കോണ്‍ഗ്രസിന്റെ രാജ്യസഭാ ചീഫ് വിപ്പ് ജയറാം രമേശ് ട്വിറ്ററില്‍ കുറിച്ചു.
വംശീയ സംഘര്‍ഷത്തില്‍ പ്രതികരിക്കാതെ പ്രധാനമന്ത്രി പൂര്‍ണമായും വിട്ടുനിന്നെന്നും സമാധാനത്തിന് അഭ്യര്‍ത്ഥിച്ചില്ലെന്നും ജയറാം രമേശ് കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ 24 മണിക്കൂറിനുള്ളില്‍ കുറ്റവാളികളെ അറസ്റ്റ് ചെയ്തു. മണിപ്പൂരില്‍, അജ്ഞാതര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ 15 ദിവസമെടുത്തു. ഇന്ന് 64 ദിവസത്തിന് ശേഷം പ്രതികളെ അറസ്റ്റ് ചെയ്‌തെന്ന് മണിപ്പൂര്‍ മുഖ്യമന്ത്രി അവകാശപ്പെട്ടു. മണിപ്പൂരില്‍ ക്രമസമാധാനവും ഭരണവും പൂര്‍ണമായി തകര്‍ന്നെന്നും അദ്ദേഹം പറഞ്ഞു. മണിപ്പൂരില്‍ രണ്ട് സ്ത്രീകളെ നഗ്നരാക്കി പരേഡ് നടത്തുന്ന വീഡിയോ വൈറലായതിന് പിന്നാലെ വേദന പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയിരുന്നു. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായാണ് മോദി പ്രതികരിച്ചത്.
കഴിഞ്ഞ ദിവസമാണ് കുക്കി സമുദായംഗങ്ങളായ രണ്ട് സ്ത്രീകളെ നഗ്‌നരാക്കി നടത്തുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്ത വീഡിയോ പുറത്തുവന്നത്. സംഭവത്തില്‍ മണിപ്പൂരില്‍ ഒരാളെ അറസ്റ്റ് ചെയ്‌തെന്ന് പൊലീസ്. മെയ് നാലിന് നടന്ന സംഭവത്തില്‍ ഇതുവരെയും ഒരാളെ പോലും അറസ്റ്റ് ചെയ്യാത്തതില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. വിഷയം പാര്‍ലമെന്റിലും പുറത്തും ശക്തമായി പ്രതിപക്ഷം ഉന്നയിക്കുന്നതിനിടെയാണ് ഒരു പ്രതിയെ അറസ്റ്റ് ചെയ്‌തെന്ന് മണിപ്പൂര്‍ പൊലീസ് പറയുന്നത്. സംഭവത്തില്‍ പ്രതികരിച്ച് മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിങും രംഗത്ത് വന്നു. സ്ത്രീകളെ നഗ്‌നരാക്കി നടത്തിയത് അപമാനകരവും മനുഷ്യത്വ രഹിതവുമെന്ന് ബീരേന്‍ സിങ് വിമര്‍ശിച്ചു. സംഭവത്തില്‍ ആദ്യ അറസ്റ്റ് ഇന്ന് രാവിലെ നടന്നുവെന്ന് പറഞ്ഞ അദ്ദേഹം സംഭവത്തില്‍ സമഗ്ര അന്വേഷണം നടക്കുമെന്നും വ്യക്തമാക്കി.