ന്യൂഡല്‍ഹി: കാവല്‍ക്കാരെ പുറത്താക്കി കോട്ട തകര്‍ത്ത് കേന്ദ്രസര്‍ക്കാര്‍ വന്‍ തുക അപഹരിച്ചിരിക്കുകയാണെന്ന് രാജ്യസഭാ അംഗവും കോണ്‍ഗ്രസ് നേതാവുമായ ജയറാം രമേശ്. ബിമല്‍ ജലാന്‍ സമിതിയുടെ റിപ്പോര്‍ട്ടിലെ ശുപാര്‍ശ അംഗീകരിച്ച് ആര്‍ബിഐയുടെ കരുതല്‍ ധനത്തില്‍ നിന്ന് 1.76 ലക്ഷം കോടി രൂപ കേന്ദ്ര സര്‍ക്കാരിന് നല്‍കാനുള്ള തീരുമാനത്തെ രൂക്ഷമായി വിമര്‍ശിച്ചാണ് ജയറാം രമേശിന്റെ പ്രസ്താവന.
ഈ കോട്ടക്ക് കാവല്‍ നിന്നിരുന്ന ഉര്‍ജിത് പട്ടേലിനേയും വിരാല്‍ ആചാര്യയേയും ആ സ്ഥാനങ്ങളില്‍ നിന്ന് പുറത്തു പോകാന്‍ നിര്‍ബന്ധിതരാക്കി. ശേഷം ഇപ്പോള്‍ ഈ കോട്ട തകര്‍ത്ത് വന്‍ തുക അപഹരിച്ചിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആര്‍ബിഐയുടെ സ്വന്തം ഉപദേശക സമതിയായ സി.ആര്‍.എഫ്.ആര്‍.എ.എലിനെ മറികടന്നാണ് കേന്ദ്രത്തിന് കരുതല്‍ ധനം നല്‍കാനുള്ള നടപടിയെന്നും ജയറാം രമേശ് ട്വീറ്റ് ചെയ്തു.
റിസര്‍വ് ബാങ്കിന്റെ കരുതല്‍ ധനം കേന്ദ്ര സര്‍ക്കാരിന് നല്‍കുന്നതിനെതിരെ രാഹുല്‍ ഗാന്ധിയും രംഗത്ത് വന്നിരുന്നു.സമ്പദ്ഘടനയിലെ പ്രശ്‌നങ്ങള്‍ എങ്ങനെ പരിഹരിക്കണമെന്ന കാര്യത്തില്‍ പ്രധാനമന്ത്രിക്കും ധനകാര്യമന്ത്രിക്കും ഒരു ധാരണയുമില്ലെന്നാണ് രാഹുലിന്റെ വിമര്‍ശനം.
ആര്‍.ബി.ഐയില്‍ നിന്ന് പണം അടിച്ചുമാറ്റുന്നത് കൊണ്ട് സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് പരിഹാരമാകില്ല, അത് ഡിസ്‌പെന്‍സറിയില്‍ നിന്ന് ബാന്‍ഡേജ് അടിച്ചുമാറ്റി വെടിയുണ്ടയേറ്റ മുറിവില്‍ ഒട്ടിക്കുന്നത് പോലെയാണെന്ന് അദ്ദേഹം പരിഹസിച്ചു. ‘ആര്‍.ബി.ഐയില്‍ കവര്‍ച്ച’ എന്ന ഹാഷ്ടാഗ് കൂടി ചേര്‍ത്താണ് രാഹുലിന്റെ ട്വീറ്റ്