കൊല്‍ക്കത്ത: തലമുതിര്‍ന്ന നേതാക്കള്‍ യുവ നേതാക്കള്‍ക്ക് വഴികാട്ടിയാകണമെന്ന് കോണ്‍ഗ്രസ്സ് നേതാവ് ജയറാം രമേശ്. പാര്‍ട്ടിയെ ദ്രോഹിക്കുന്നതിനു പകരം വഴികാട്ടികളായി മാറണമെന്ന് ജയറാം രമേശ് വ്യക്തമാക്കി. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്‍പു പാര്‍ട്ടി ചുമതലകള്‍ യുവാക്കളിലേക്കെത്തണമെന്നും, ഗുജറാത്ത് തിരഞ്ഞെടുപ്പു ഫലം കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ തിരിച്ചുവരവിലേക്കാണു വിരല്‍ ചൂണ്ടുന്നതെന്നും, രാഹുല്‍ ഗാന്ധി മുഴുവന്‍ സമയ രാഷ്ട്രീയക്കാരനായതിന്റെ തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു.
കൊലപാതക ത്വരയുള്ള നേതാക്കളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും. അവരെ അവര്‍ക്കു മനസിലാകുന്ന ഭാഷകൊണ്ടു തന്നെ നേരിടണം. കള്ളം പറയുന്നതു ശീലമാക്കിയ നരേന്ദ്ര മോദിയാണ് ഇതുവരെ കണ്ടതില്‍വച്ച് ഏറ്റവും വലിയ ‘ഷോ മാന്‍’. മോദിയും അമിത് ഷായും ചേര്‍ന്ന് സമൂഹത്തെയും സംസ്‌കാരത്തെയും ഇല്ലാതാക്കുകയാണെന്നും ജയറാം രമേശ് കുറ്റപ്പെടുത്തി.
മാത്രമല്ല, സച്ചിന്‍ പൈലറ്റ്, ജ്യോതിരാദിത്യ സിന്ധ്യ, ഗൗരവ് ഗോഗോയ്, സുഷ്മിത ദേവ് തുടങ്ങിയ നേതാക്കളെയാണ് പാര്‍ട്ടിയുടെ സുപ്രധാന സ്ഥാനങ്ങളിലേക്ക് ഉയര്‍ത്തിക്കൊണ്ടു വരേണ്ടത്. 41 ശതമാനത്തോളം വോട്ടുപിടിച്ചു ഗുജറാത്തില്‍ പാര്‍ട്ടി തിരിച്ചുവന്നതു വലിയ കാര്യമാണ്. ഗുജറാത്ത് തിരഞ്ഞെടുപ്പിനു മുന്‍പ് ഒരു രാഹുല്‍ ഗാന്ധിയെയും തിരഞ്ഞെടുപ്പിനുശേഷം മറ്റൊരാളെയുമാണു കാണാനായത്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണം വിജയകരമായിരുന്നെന്ന് തെളിയിക്കുന്നതാണ് തിരഞ്ഞെടുപ്പ് ഫലം. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ്സ് മികച്ച വിജയം സ്വന്തമാക്കുമെന്ന് ജയറാം രമേശ് അവകാശപ്പെട്ടു.