ന്യൂഡല്‍ഹി: അയോധ്യയില്‍ ജെയ്‌ഷെ മുഹമ്മദ് ഭീകരവാദ സംഘടന ആക്രമണം നടത്താന്‍ പദ്ധതിയിടുന്നതായി ഇന്റലിജന്റ്‌സ് റിപ്പോര്‍ട്ട്. തുടര്‍ന്ന് നഗരത്തില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസാണ് ആക്രമണ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടത്. സോഷ്യല്‍മീഡിയയായ ടെലഗ്രാമിലൂടെയാണ് ജെയ്‌ഷെ തലവന്‍ മസൂദ് അസ്ഹര്‍ ആക്രമണ സന്ദേശം നല്‍കിയത്. ഇന്ത്യന്‍ മണ്ണില്‍ ഞെട്ടിപ്പിക്കുന്ന ആക്രമണം നടത്തണമെന്നാണ് പറയുന്നത്.
ഭീകരസംഘടനയില്‍ പെട്ട ഏഴോളം പേര്‍ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറിയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഏഴുപേരില്‍ അഞ്ചുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. അബു ഹംസ, മുഹമ്മദ് യാക്കൂബ്, നിസാര്‍ അഹമദ്, മുഹമ്മദ് ഷഹ്ബാസ്, മുഹമ്മദ് ഖ്വാമി ചൗധരി എന്നിവരാണ് ഇന്ത്യയിലെത്തിയത്. എന്നാല്‍ ഇവരെ പിടികൂടാന്‍ സാധിച്ചിട്ടില്ലെന്നാണ് വിവരം.
അയോധ്യയില്‍ ക്ഷേത്രം നിര്‍മ്മിക്കണം എന്ന് സുപ്രീം കോടതി വിധി വന്ന ശേഷം ഈ പരിസരം ഭീകരവാദികളുടെ നിരീക്ഷണത്തിലാണ് എന്ന് ഇന്റിലിജന്റ്‌സ് റിപ്പോര്‍ട്ടുകള്‍ പറയുന്നു.