ന്യൂഡല്‍ഹി ; ജെയ്ഷെ തലവൻ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചു. ഐക്യരാഷ്ട്ര രക്ഷാ സമിതിയുടെ പ്രത്യേക യോഗത്തിന്റേതാണ് തീരുമാനം. ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങളുടെ നയതന്ത്ര നീക്കത്തിനൊടുവിലാണ് മസൂദ് അസ്ഹറിനെ യു.എൻ ആഗോള ഭീകരനായി പ്രഖ്യാപിച്ചത്.
മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തിന് ചൈന മാത്രമാണ് എതിര്‍ത്തിരുന്നത്. മുൻപ് 4 തവണ മസൂദിനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താനുള്ള നീക്കം വീറ്റോ അധികാരം ഉപയോഗിച്ച് ചൈന തടഞ്ഞിരുന്നു. ഇംഗ്ലണ്ട്, അമേരിക്ക, ഫ്രാന്‍സ് എന്നിവ സംയുക്തമായാണ് കഴിഞ്ഞ മാസം പ്രമേയം കൊണ്ടു വന്നത്. ഇതേ ആവശ്യവുമായി ഇന്ത്യ വീണ്ടും രംഗത്തെത്തിയിരുന്നു. പുല്‍വാമ ഭീകരാമക്രമണത്തന്‍റെ ഉത്തരവാദിത്തം ജെയ്ഷെ മുഹമ്മദ് ഏറ്റെടുത്തതിന് തൊട്ടുപിന്നാലെയായിരുന്നു നടപടി.
ഇയാളെ ഭീകരനായി മുദ്രകുത്തുന്നതിനെതിരെ എടുത്ത നിലപാട് മാറ്റാൻ യുഎസ്, ഫ്രാൻസ്, ബ്രിട്ടൻ എന്നീ രാജ്യങ്ങൾ ചൈനയ്ക്കുമേൽ സമ്മർദം ചെലുത്തിയിരുന്നു. പ്രശ്നം ശരിയായ മാര്‍ഗത്തിലൂടെ പരിഹരിക്കുമെന്ന് ചൈനീസ് വിദേശ കാര്യ വക്താവ് ഇന്നലെ ബിജീംഗില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.